

തെഹ്റാൻ: സംസ്കാര ചടങ്ങുകളുടെ അടുത്ത ഘട്ടത്തിനായി ആയത്തുള്ള അലി ഖമനയിയുടെ ശവമഞ്ചം ഷിയാ മുസ്ലിങ്ങളുടെ പ്രധാനപ്പെട്ട മതപഠന കേന്ദ്രമായ ഖോം നഗരത്തിലെത്തി. ഖോം പ്രവിശ്യയിലെ ജംകരൻ പള്ളിക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക ചാനലായ ഐആർഐബി (IRIB) പങ്കുവെച്ചു. ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം വഹിച്ച ഹെലികോപ്റ്ററായിരുന്നു അതെന്നാണ് അവർ ടെലഗ്രാമിൽ കുറിച്ചത്. ആയത്തുള്ള അലി ഖമനയിയുടെ ശവമഞ്ചവുമായി ഖോമിൽ നാളെ വിലാപ യാത്ര നടക്കും. തുടർന്ന് ഇറാഖിലെ നജഫിലും കർബലയിലും ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ട്.
ടെഹ്റാനിലെ തെരുവുകളിൽ ലക്ഷക്കണക്കിന് ഇറാനികൾ പങ്കെടുത്ത വിലാപ യാത്രയ്ക്ക് ശേഷമാണ് ഖമനയിയുടെയും കുടുംബാംഗങ്ങളുടെ ശവമഞ്ചം ഖോമിലെത്തിച്ചിരിക്കുന്നത്. വിലാപയാത്രയിൽ പങ്കെടുത്തവരിൽ പലരും പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും വൈസ് പ്രസിഡൻ്റ ജെ ഡി വാൻസിനും എതിരെ കടുത്ത പ്രതികാര ആഹ്വാനങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചിരുന്നു. 'രക്തച്ചൊരിച്ചിൽ ഉണ്ടാകും' എന്ന ഇംഗ്ലീഷ് മുദ്രാവാക്യവും ട്രംപിന്റെ ചിത്രത്തോടൊപ്പം നിരവധി പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ചില പോസ്റ്ററുകൾ ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അപകീർത്തികരമായ പോസ്റ്റുകളും ചിലർ ഉയർത്തി പിടിച്ചിരുന്നു. ചില പോസ്റ്ററുകളിൽ ആയത്തുള്ള അലി ഖമനയിയുടെ ചിത്രവും ചടങ്ങിന്റെ ഔദ്യോഗിക ചിഹ്നമായ മുറുക്കിപ്പിടിച്ച മുഷ്ടിയും ഉൾപ്പെടുത്തിയിരുന്നു.
ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങിൻ്റെ ഭാഗമായ വിലാപ യാത്രയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും പങ്കെടുത്തിരുന്നു. തെഹ്റാനിലെ തെരുവുകളിലൂടെ കടന്ന് പോയ വിലാപയാത്രയിൽ ജനക്കൂട്ടത്തിനൊപ്പം കാൽനടയായി പങ്കെടുക്കുന്ന ഇറാൻ പ്രസിഡൻ്റിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആയത്തുള്ള അലി ഖമനയിയുടെ വിപാലയാത്രയിൽ ദുഃഖാർത്തരായ ജനങ്ങളുടെ വികാരപരമായ പ്രതികരങ്ങളും ദൃശ്യങ്ങളിലുണ്ട്. ദുഃഖിതരായ ജനങ്ങൾ ഷാളുകൾ, സ്കാർഫുകൾ, മറ്റ് വ്യക്തിപരമായ വസ്തുക്കൾ എന്നിവ വാഹനത്തിലുണ്ടായിരുന്നവർക്ക് കൈമാറുകയും അവ ശവപ്പെട്ടിയിൽ അൽപനേരം സ്പർശിപ്പിച്ച ശേഷം തിരികെ ജനക്കൂട്ടത്തിലേക്ക് എറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അനുഗ്രഹത്തിന്റെ പ്രതീകമായി കണക്കാക്കുന്ന ഒരു മതാചാരമാണിത്.
തെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ ഞായറാഴ്ച നടന്ന പൊതുചടങ്ങിലും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പങ്കെടുത്തിരുന്നു. ഖമേനിയുടെയും അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട നാല് കുടുംബാംഗങ്ങളുടെയും ശഖമഞ്ചത്തിന് മുന്നിൽ നടന്ന ഇറാൻ പ്രാർഥനയിലാണ് ഇറാൻ പ്രസിഡൻ്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തത്. ഗ്രാൻഡ് മൊസല്ലയിൽ നടന്ന സംസ്കാര പ്രാർത്ഥനയിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, ജുഡീഷ്യറി മേധാവി ഗൊലാംഹൊസൈൻ മൊഹ്‌സെനി എജെയി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനൊപ്പം സന്നിഹിതരായിരുന്നു. സംസ്താര ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങളും രാജ്യവ്യാപകമായ ദുഃഖാചരണ ചടങ്ങുകളും വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആയത്തുള്ള അലി ഖമനയി, മരുമകൻ മെസ്ബാഹ് അൽ-ഹോദ, ഖമനയിയുടെ മകൾ ഡോ. സെയ്ദെഹ് ബോഷ്ര ഹൊസൈനി ഖമേനി, നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദെൽ, ആയത്തുള്ള അലി ഖമനയിയുടെ ചെറുമകൾ സഹ്‌റ മുഹമ്മദി ഗോൾപയേഗാനി എന്നിവരുടെ ഭൗതികശരീരങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശ പ്രതിനിധികൾക്കും പൊതുദർശനം നടത്താനായി വെച്ചിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും തെഹ്റാനിൽ വൻജനപങ്കാളിത്തത്തോടെ കൂടുതൽ അനുസ്മരണച്ചടങ്ങുകൾ നടന്നിരുന്നു. തിങ്കളാഴ്ചയാണ് വിപുലമായ ജനപങ്കാളിത്തത്തോടെയുള്ള വിലാപയാത്ര ചടങ്ങുകൾ നടക്കുന്നത്. തിങ്കളാഴ്ചയ്ക്ക് ശേഷം ശവമഞ്ചങ്ങൾ ഇറാനിലെ ഷിയാ മതപഠനത്തിന്റെ പ്രധാന കേന്ദ്രമായ ഖോമ് നഗരത്തിലേക്ക് കൊണ്ടുപോകും. അവിടെ ചൊവ്വാഴ്ച പ്രത്യേക അനുസ്മരണച്ചടങ്ങുകൾ നടക്കും.
ഇറാഖിലെ വിശുദ്ധ ഷിയാ നഗരങ്ങളായ നജഫിലും കർബലയിലും ബുധനാഴ്ച ചടങ്ങുകൾ നടക്കും. ഇറാന്റെ പ്രാദേശിക ശിയാ സഖ്യകക്ഷികളിലെ പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മറ്റൊരു വിലാപയാത്രയ്ക്ക് ശേഷം വ്യാഴാഴ്ച ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായ മഷ്ഹദ് നഗരത്തിൽ ഇമാം റേസയുടെ ശവകുടീരത്തിന് സമീപം ആയത്തുള്ള അലി ഖമനയിയെ സംസ്‌കരിക്കും.
Content Highlights: A symbolic coffin associated with Ayatollah Ali Khamenei was displayed in Qom, Iran's leading Shia religious center, as mourners carried anti-Trump posters during a public procession. Read the latest updates and context.