

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ പാലിച്ചുള്ള സ്വീകരണം ലഭിച്ചില്ലെന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രപതിയുടെ വാക്കുകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പാര്‍ട്ടി അജണ്ട നിറവേറ്റുന്നതിനായി ബിജെപി രാഷ്ട്രപതി പദവി ദുരുപയോഗം ചെയ്യുകയാണെന്നെന്നും ദൗര്‍ഭാഗ്യകരമാണെന്നും മമതാ ബാനര്‍ജി വിമര്‍ശിച്ചു.
'ഇത് പറയാന്‍പോലും തനിക്ക് നാണക്കേട് ആണ്. രാഷ്ട്രപതി പദവിയെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ രാഷ്ട്രീയം വില്‍ക്കാനാണ് അവരെപ്പോലും അയച്ചിരിക്കുന്നത്. എന്നോട് ക്ഷണിക്കണം, എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ നിങ്ങളെ നയിക്കുന്നത് ബിജെപിയുടെ നയങ്ങളും നിര്‍ദേശങ്ങളുമാണ്', മമതാ ബാനര്‍ജി പറഞ്ഞു.
'വര്‍ഷത്തിലൊരിക്കലാണ് നിങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതെങ്കില്‍ എനിക്ക് സ്വീകരിക്കാനാകും. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയിലെ അടിക്കടിയുള്ള സന്ദര്‍ശനത്തില്‍ എപ്പോഴും എനിക്കെങ്ങനെ സ്വീകരിക്കാനാകും. എപ്പോഴും ഞങ്ങള്‍ നിങ്ങളെ പിന്തുടരണമോ? എന്നും മമത ചോദിച്ചു.
രാഷ്ടപതി മുഖ്യാതിഥിയായുള്ള ഗോത്ര വിഭാഗത്തെ കേന്ദ്രീകരിച്ചുള്ള പരിപാടിയില്‍ മമതയോ മുഖ്യമന്ത്രിയോ എന്തുകൊണ്ടാണ് എത്താതിരുന്നതെന്ന് മുര്‍മു ചോദിച്ചിരുന്നു. മമതാ ബാനര്‍ജിക്ക് തന്നോട് എന്താണ് ദേഷ്യമെന്നായിരുന്നു മുര്‍മു ചോദിച്ചത്. താന്‍ പങ്കെടുക്കാനെത്തിയ സന്താള്‍ സമ്മേളനത്തിന്റെ വേദി മാറ്റിയതാണ് രാഷ്ടപതിയെ പ്രകോപിപ്പിച്ചത്. പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ സിലിഗുരി മേയര്‍ ഗൗതംദേബ് മാത്രമാണ് മുര്‍മുവിനെ സ്വീകരിക്കാനെത്തിയത്.
ഫാസിദേവയില്‍ നടത്താനിരുന്ന പരിപാടി സ്ഥലസൗകര്യം കുറവാണെന്ന പ്രാദേശിക ഭരണകൂടത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ബഗ്‌ഡോഗ്ര വിമാനത്താവളത്തിനടുത്തുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഫാസിദേവയിലെ സ്ഥലം സന്ദര്‍ശിച്ച രാഷ്ട്രപതി ഇവിടെ അഞ്ച് ലക്ഷം പേരെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തിയുണ്ടെന്നും വേദി മാറ്റിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു രാഷ്ട്രപതി ഉന്നയിച്ചത്.
ഈ മേഖലയിലെ സാന്താള്‍ വിഭാഗക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും വികസനം ലഭിക്കുന്നുണ്ടോയെന്നും മുര്‍മു ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ തോന്നുന്നില്ല. സാന്താള്‍ വിഭാഗം ഒന്നിക്കുന്നതോ പുരോഗതി കൈവരിക്കുന്നതോ വിദ്യാഭ്യാസം നേടുന്നതോ ചിലര്‍ക്ക് ഇഷ്ടമല്ലായിരിക്കാം എന്നായിരുന്നു രാഷ്ട്രപതി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗവീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവെച്ചിരുന്നു.
Content Highlights: Mamata Banerjee Reply to President Murmu remarks with pre-approved Bengal visit plan