

ഡല്‍ഹി: പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പേറ്. ഡല്‍ഹിയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് സംഭവം. ഇയാളുടെ കയ്യില്‍ കത്തിയുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തി കയ്യില്‍ വെച്ചിരുന്ന ഒരാള്‍ വാര്‍ത്താ സമ്മേളനത്തിലേക്ക് ബഹളം വെച്ച് വരികയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുമ്പ് പപ്പു യാദവിന്റെ അനുയായികള്‍ കത്തിയുമായി വന്നയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
എംപിക്കെതിരെ ഭീഷണിയുണ്ടായിട്ടും സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസിനെതിരെ പപ്പു യാദവിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. 'ഡല്‍ഹി പൊലീസിന്റെ പരാജയത്തെയാണ് ഇത് തുറന്ന് കാട്ടുന്നത്. ഡല്‍ഹി പൊലീസിന്റെ ഗൂഢാലോചനപരമായ സ്വഭാവത്തെയാണ് തുറന്ന് കാട്ടുന്നത്', അഭിഭാഷകന്‍ പറഞ്ഞു. എംപിയുടെ തലയ്ക്ക് 51 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടടക്കം ഭീഷണികൾ വന്നിട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
'ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട എംപിയായ അദ്ദേഹത്തിന് എതിരായ ഗൂഢാലോചനയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുമെന്ന് ഡല്‍ഹി പൊലീസ് ഉറപ്പാക്കിയിട്ടും ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്', അഭിഭാഷകന്‍ ആരോപിച്ചു.
അയോധ്യ രാമക്ഷേത്ര കൊള്ളയ്‌ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പപ്പു യാദവ് കാഷായ വേഷം ധരിച്ച് പ്രതിഷേധിച്ചിരുന്നു. കാവി വസ്ത്രം ധരിച്ച് ആക്ഷേപഹാസ്യ നാടകം അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാരും ഭാഗമായിരുന്നു. തെരുവുനാടകത്തിന്റെ രൂപത്തിലായിരുന്നു പപ്പു യാദവിന്റെ അവതരണം.
സംഭവത്തില്‍ രാഹുല്‍ ഗാന്ധി, പപ്പു യാദവ്, അവദേശ് പ്രസാദ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. വിഎച്ച്പി അടക്കമുള്ള സംഘടനകളാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ബിജെപിയും രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: A shoe was thrown at MP Pappu Yadav during a press conference in Delhi, causing a brief disruption before the situation was brought under control