കോൺഗ്രസ് നേരത്തെ തയ്യാർ; അസമിൽ 42 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍

ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ നിന്ന് ജനവിധി തേടും.

കോൺഗ്രസ് നേരത്തെ തയ്യാർ; അസമിൽ 42 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍
dot image

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 42 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. അസം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍ നിന്ന് ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാവ് റിപുൻ ബോറ ബാർചല്ലയിൽ നിന്നും ജനവിധി തേടും.

126 നിയമസഭാ മണ്ഡലങ്ങളാണ് അസമിലുള്ളത്. കഴിഞ്ഞ തവണ 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ ഇത്തവണ എത്ര എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ 46 സീറ്റുകളിൽ കോൺഗ്രസ് വലിയ വിജയപ്രതീക്ഷയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായിത്തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം വലിയ മേൽക്കൈ ആണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.

സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാക്കാൻ കോൺഗ്രസ് എംപിമാരായ ഇമ്രാൻ മസൂദ്, സപ്തഗിരി ശങ്കർ ഉലക എന്നിവർ ഈയാഴ്ച തന്നെ മണ്ഡലപര്യടനങ്ങള്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇരുവരും പാർട്ടി നേതാക്കളുമായും അണികളുമായും കൂടിക്കാഴ്ചകൾ നടത്തും. വിവിധ ജാതി മത വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.

ദേശീയ നേതാക്കളെയടക്കം കളത്തിലിറക്കി സംസ്ഥാനത്തെ കൈപിടിയിലാക്കാനാണ് കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി പ്രിയങ്കാ ഗാന്ധിയെ അസമിലെ സ്ഥാനാര്‍ത്ഥി സ്‌ക്രീനിംഗ് കമ്മിറ്റിയെ നയിക്കാനായി എഐസിസി നിയോഗിച്ചിരുന്നു. മുതിര്‍ന്ന കേന്ദ്ര നിരീക്ഷകരില്‍ ഒരാളായി ഡികെ ശിവകുമാറിനെയും നിയമിച്ചിരുന്നു. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും മുന്‍ ജാര്‍ഖണ്ഡ് എംഎല്‍എ ബന്ധു തിര്‍ക്കിയുമാണ് മറ്റ് രണ്ട് നിരീക്ഷകര്‍. പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഗൗരവ് ഗൊഗോയ് മുന്നോട്ടുവെച്ച 'മതേതര വിശാല അസം' എന്ന മുദ്രാവാക്യം എല്ലാ സമുദായങ്ങളിലേക്കും എത്തിക്കുകയായിരിക്കും പ്രിയങ്കയുടെ ലക്ഷ്യം.

ഡി കെ ശിവകുമാര്‍ ഉള്‍പ്പെട്ട കേന്ദ്ര നേതൃത്വം പ്രതിരോധ തന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കര്‍ണാടകയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോള്‍ ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങളെ ശക്തമായി പോരാടി തോല്‍പ്പിച്ചവരാണ് ഡി കെ ശിവകുമാറും ബന്ധു തിര്‍ക്കിയും. അവരുടെ അനുഭവജ്ഞാനം അസമില്‍ കോണ്‍ഗ്രസിന് തുണയാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: The Indian National Congress has announced its first phase candidates for the Assam Legislative Assembly elections. The party released names for 42 constituencies, including Gaurav Gogoi, the Assam Congress president and MP, who will contest from Jorhat

dot image
To advertise here,contact us
dot image