നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക്, സാമ്പത്തിക സഹായം; എന്താണ് സാന്ത്വന പദ്ധതി?

പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരുതവണ സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക്, സാമ്പത്തിക സഹായം; എന്താണ് സാന്ത്വന പദ്ധതി?
dot image

പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്. അതിലൊന്നാണ് സാന്ത്വന പദ്ധതി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കുന്ന ദുരിതാശ്വാസ പദ്ധതിയാണിത്. പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരുതവണ സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും. ചികിത്സ, മരണം, വിവാഹം, സ്വദേശത്തേക്ക് മടങ്ങുന്ന ഭിന്നശേഷിയുള്ളവർക്ക് അവർക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് സാന്ത്വനം പദ്ധതിയിലൂടെ സഹായം ലഭിക്കുക.

ഇതിലൂടെ മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും വൈദ്യ സഹായത്തിനായി 50,000 രൂപ വരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിനായി 15000 രൂപ വരെയും ധനസഹായം ലഭിക്കും. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 10,000 രൂപയും ലഭിക്കുന്നതാണ്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ വ്യക്തികള്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കവിയരുത്. കൂടാതെ അപേക്ഷിക്കുന്ന സമയത്തും സാമ്പത്തിക സഹായം സ്വീകരിക്കുന്ന സമയത്തും പ്രവാസി വിദേശത്ത് ആയിരിക്കരുത്.

ഈ പദ്ധതിയിലൂടെ ഒരു തവണ വൈദ്യസഹായം ലഭിച്ച പ്രവാസി പിന്നീട് മരിച്ചാല്‍ ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കില്ല. മരിച്ച പ്രവാസി അവിവാഹിതനാണെങ്കില്‍ അപേക്ഷിക്കുന്നയാള്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കല്‍ ആവശ്യത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അന്വേഷണ സമയത്ത് ഒറിജിനല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

വൈദ്യസഹായത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബില്ലുകള്‍, അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് (സാമ്പത്തിക സഹായം പ്രവാസിയുടെ ആശ്രിതര്‍ക്കാണെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

മരണ സഹായത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ ആധാറിന്റെയോ പകര്‍പ്പ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ( അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് (അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

വിവാഹ ധനസഹായത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്), അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഉപകരണത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. കൂടാതെ, അപേക്ഷാ പ്രക്രിയയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥനോ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമോ ആവശ്യപ്പെട്ടേക്കാവുന്ന ഏതെങ്കിലും അധിക രേഖകളും ഹാജരാക്കണം. . നോര്‍ക്ക-റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിജയകരമായ അപേക്ഷകള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതുമാണ് പദ്ധതിയുടെ രീതി.


Content Highlights: Several welfare schemes are available to support Non-Resident Keralites (NRKs), including the Santhwana Scheme

dot image
To advertise here,contact us
dot image