

ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിന്റെ (IFL) 2026-27 സീസണ്‍ ഈ വര്‍ഷം ഒക്ടോബര്‍ 16-ന് ആരംഭിക്കും. ന്യൂഡല്‍ഹിയിലെ ഫുട്‌ബോള്‍ ഹൗസില്‍ തിങ്കളാഴ്ച ചേര്‍ന്ന ഐ.എഫ്.എല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപിച്ചത്. ലീഗിലെ 11 ക്ലബ്ബുകളില്‍ 10 എണ്ണത്തിന്റെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഐസ്വാള്‍ എഫ്.സി, എഫ്.സി ബെംഗളൂരു യുണൈറ്റഡ്, ചാന്‍മാരി എഫ്.സി, ഡല്‍ഹി എഫ്.സി, ഡെംപോ എസ്.സി, ഗോകുലം കേരള എഫ്.സി, രാജസ്ഥാന്‍ യുണൈറ്റഡ് എഫ്.സി, റിയല്‍ കാശ്മീര്‍ എഫ്.സി, ഷില്ലോങ് ലജോങ് എഫ്.സി, ശ്രീനിധി ഡെക്കാന്‍ എഫ്.സി എന്നീ ക്ലബ്ബുകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. എന്നാല്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് യോഗത്തില്‍ പങ്കെടുത്തില്ല. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം. സത്യനാരായണന്‍, കോംപറ്റീഷന്‍സ് മേധാവി അക്ഷയ് രോഹത്ഗി, സ്ട്രാറ്റജി ആന്റ് ഓപ്പറേഷന്‍സ് മേധാവി നില്‍ദീപ് മണ്ഡല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ കളിസമയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, അടുത്ത സീസണ്‍ മുതല്‍ ഒരു ടീമിന്റെ ആദ്യ ഇലവനില്‍ പരമാവധി മൂന്ന് വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്താനും തീരുമാനമായി. കഴിഞ്ഞ 2025-26 സീസണിലെ സംപ്രേഷണ കണക്കുകളും യോഗം വിലയിരുത്തി. കഴിഞ്ഞ സീസണില്‍ 1.75 കോടിയിലധികം തത്സമയ ടെലിവിഷന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഐ.എഫ്.എല്ലിന് സാധിച്ചിരുന്നു.
യുവതലമുറയിലെ ഫുട്‌ബോള്‍ വളര്‍ച്ച ഉറപ്പാക്കുന്നതിനായി, 2027-28 സീസണിന് മുന്‍പായി എല്ലാ ക്ലബ്ബുകളും എ.ഐ.എഫ്.എഫ് അക്കാദമി അക്രഡിറ്റേഷന്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാനും കുറഞ്ഞത് 'ടൂ-സ്റ്റാര്‍' അക്രഡിറ്റേഷന്‍ കരസ്ഥമാക്കാനും ധാരണയായി. 2030-ഓടെ അക്കാദമികളെ 'ത്രീ-സ്റ്റാര്‍' നിലവാരത്തിലേക്ക് ഉയര്‍ത്താനും ക്ലബ്ബുകള്‍ ലക്ഷ്യമിടുന്നുണ്ട്. -പുതിയ സീസണിന്റെ ബജറ്റും മറ്റുകാര്യങ്ങളും ചര്‍ച്ച ചെയ്തതായയും ഒക്ടോബര്‍ 16-ന് ആരംഭിക്കുന്ന പുതിയ സീസണ്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം. സത്യനാരായണന്‍ പറഞ്ഞു.
content highlights: Indian Football League to Kick Off on October 16;