

ഗുവാഹത്തി: അസമിൽ കാമുകനൊപ്പം വിനോദയാത്ര പോയ 28കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയതായി പരാതി. ആക്രമണ സമയത്ത് ഏഴ് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാൻ നിർബന്ധിച്ചതായും എഫ്ഐആറിൽ പറയുന്നു.
സിൽച്ചാർ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ബൈപാസ് റോഡിൽ കാമുകനൊപ്പം കാറിൽ പോകുമ്പോൾ ഒരു സംഘം പുരുഷന്മാർ മഹീന്ദ്ര ഥാറിൽ വന്ന് അവരെ ആക്രമിച്ചതായി യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.
ഫെബ്രുവരി 19 നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 28കാരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ യുവതി രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഞായറാഴ്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിൽച്ചാർ പട്ടണത്തിലെ ആശ്രാം റോഡ് പ്രദേശത്തെ താമസക്കാരായ നിലോത്പാൽ ദാസ് (25), സുബോൽ ദാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. സിൽച്ചാർ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്യുകയും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം റിപ്പോർട്ട് ചെയ്തതിന് സിൽച്ചാറിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ സുരജിത് ചക്രവർത്തിയെ പ്രതികളിൽ ഒരാളുടെ കുടുംബാംഗങ്ങൾ ആക്രമിച്ചുവെന്നും പരാതി ഉയരുന്നുണ്ട്.
Content Highlight : A 28-year-old woman in Assam has alleged she was gang attacked in front of her boyfriend and that ₹10,000 was robbed. Police have registered a case and launched an investigation