മുഖ്യമന്ത്രി മര്യാദ കാണിച്ചില്ല; പിണറായി ആയിരുന്നെങ്കില്‍ ഒറ്റ കോളില്‍ എടുക്കുമായിരുന്നു: ജി സുകുമാരൻ നായർ

ഇനി മുഖ്യമന്ത്രിയെ കാണാന്‍ താല്‍പര്യമില്ലെന്നും തന്നെ കാണാന്‍ ആരും വരേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു

മുഖ്യമന്ത്രി മര്യാദ കാണിച്ചില്ല; പിണറായി ആയിരുന്നെങ്കില്‍ ഒറ്റ കോളില്‍ എടുക്കുമായിരുന്നു: ജി സുകുമാരൻ നായർ
dot image

പത്തനംതിട്ട: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പ്രൈവറ്റ് സെക്രട്ടറി മുഖാന്തരം രണ്ട് തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചതെന്ന് ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

ഒരാഴ്ച കഴിഞ്ഞ് താന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞുകാണാമെന്നാണ് അന്ന് സെക്രട്ടറി പറഞ്ഞത്. എറണാകുളത്തുവെച്ച് കാണേണ്ട കാര്യമല്ലായെന്ന് താന്‍ വിശദീകരിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് സന്ദര്‍ശന അനുമതി നിഷേധിച്ചിട്ടില്ലെന്നും ജി സുകുമാരന്‍ നായരെ കാണുമെന്നും ഇന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.

ഇനി മുഖ്യമന്ത്രിയെ കാണാന്‍ താല്‍പര്യമില്ലെന്നും തന്നെ കാണാന്‍ ആരും വരേണ്ടതില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശനെ കാണാന്‍ അല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടര്‍ ആണ് താന്‍. പ്രമുഖ സംഘടനാനേതാവ് എന്ന പരിഗണന പോലും ഉണ്ടായില്ല. മുഖ്യമന്ത്രിയായിരുന്നയാള്‍ കാണിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. ആരുടെ മുന്നിലും പിച്ചച്ചട്ടിയായി പോയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ തുന്നറടിച്ചു.

അനുമതി നിഷേധിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് വിലയിരുത്താം. മുന്‍പുള്ള മുഖ്യമന്ത്രിമാരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പിണറായി വിജയന്‍ ആയിരുന്നെങ്കില്‍ താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില്‍ തിരിച്ചുവിളിക്കും. എന്‍എസ്എസിന് ഇതിന് മുമ്പ് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: G. Sukumaran Nair Reiterates Denial of Meeting Permission with V D Satheesan

dot image
To advertise here,contact us
dot image