

ചെന്നൈ: വിവാഹിതയായ യുവതിയെ വഴിയില്‍ കാത്തുനിന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത ടിവികെ നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ മൂന്ന് മാസമായി പ്രതി രമേശ് പെണ്‍കുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. ടിവികെയുടെ കൃഷ്ണനാരായപുരം ഈസ്റ്റ് യൂണിയന്‍ സെക്രട്ടറിയാണിയാള്‍. കുളിതാലൈയിലുള്ള മലയപ്പ നഗര്‍ നിവാസിയാണ് യുവതി. യുവതി ജോലി ചെയ്യുന്ന മെഡിക്കല്‍ സ്റ്റോറിന് പുറത്ത് നിന്ന് ഇയാള്‍ നിരന്തം ലൈംഗിക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള ചേഷ്ടകള്‍ കാണിക്കുകയും ചെയ്യുമെന്ന് പരാതിയില്‍ യുവതി ആരോപിക്കുന്നു. വീട്ടിലേക്ക് പോകുമ്പോള്‍ ഇയാള്‍ പിന്തുടരുന്നതും പതിവാക്കി. ഇതോടെ പെണ്‍കുട്ടി കാര്യം വീട്ടില്‍ പറയുകയും പിന്നീട് ഭര്‍ത്താവ് ഇവരെ ജോലിക്ക് കൊണ്ടുവിടാനും തിരിച്ചുവിളിക്കാനും ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇങ്ങനെ മുന്നോട്ടു പോകുകയായിരുന്നു.
ഒരു ദിവസം ഭര്‍ത്താവിന് ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ സഹോദരിയാണ് യുവതിയെ വിളിച്ചുകൊണ്ടു പോകാന്‍ കടയിലെത്തിയത്. ഇരുവരും നടന്നുപോകുന്നതിനിടെ പ്രതി യുവതിയെ തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്ന ആളുകള്‍ക്കൊപ്പം ടിവികെ നേതാവിനെ മർദ്ദിച്ചു.
സംഘര്‍ഷാവസ്ഥ കനത്തതോടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് യുവതി പരാതി നല്‍കിയത്. പൊലീസ് ആദ്യം പരാതിയൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. നിലവില്‍ രമേശ് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസത്തില്‍ ഡിഎംകെ എംപി കനിമൊഴി വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെ ആയിരുന്നു വിമര്‍ശനം.
Content Highlights: A TVK leader was allegedly attacked by a married woman's relatives following accusations of repeated attack and an attempted abduction. The incident has drawn police attention, and further legal action is expected based on the investigation.