

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ 17കാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ കൊലപാതകക്കുറ്റം ചുമത്തി മയൂര്‍ വിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദ്ര ക്യാമ്പില്‍ താമസിക്കുന്ന ഗ്യാന്‍ സിങ്ങിന്റെ മകനും പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയുമായ മോഹിത് ആണ് കൊല്ലപ്പെട്ടത്.
ജനുവരി അഞ്ചിനാണ് സംഭവം. പ്രാഥമിക അന്വേഷണത്തില്‍, മോഹിത് അതേ പ്രദേശത്തെ ഒരു കുട്ടിയുമായി നിരന്തരം തര്‍ക്കത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവ ദിവസം വൈകുന്നേരം മോഹിത് തന്റെ സുഹൃത്തുക്കളോടൊപ്പമിരിക്കുമ്പോള്‍ ഒരു കൂട്ടം കുട്ടികളുമായി വാക്കുതര്‍ക്കം ഉണ്ടായി. താമസിയാതെ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു.
മോഹിതിനെ കുട്ടികള്‍ വളയുകയും തുടര്‍ച്ചയായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു. തടയാനെത്തിയ യുവാവിനെയും സംഘം ആക്രമിച്ചു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മോഹിത് സംഭവസ്ഥലത്ത് വെച്ചുതന്നെ ബോധരഹിതനായി. വൈകുന്നേരം 7.25 ഓടെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, വിദഗ്ധ ചികിത്സയ്ക്കായി ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയിലേക്ക് മാറ്റി. അവസ്ഥ ഗുരുതരമായതിനാല്‍ മൊഴി എടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ജനുവരി ആറിന് പുലര്‍ച്ചെ 1.15 ഓടെ മോഹിത് മരിച്ചതായി ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന്, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1), 115(2), 126(2), 3(5) എന്നിവ പ്രകാരം മയൂര്‍ വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തന്റെ കുട്ടിയിനി തിരിച്ചുവരില്ലെന്നും എന്നാല്‍ തനിക്ക് നീതി വേണമെന്നും മുത്തശ്ശി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
Content Highlights: 17 year old Delhi student dies after group assaults him