

ലക്‌നൗ: ഉത്തർപ്രദേശിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള കരട് വോട്ടർ പട്ടികയിൽ നിന്ന് 2.89 കോടി വോട്ടർമാർ പുറത്ത്. ഇതോടെ സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണം ഏകദേശം 15 കോടിയിൽ നിന്ന് 12 കോടിയായി കുറഞ്ഞു.
മുൻപുണ്ടായിരുന്ന വോട്ടർ പട്ടികയിലെ 15 കോടി ആളുകളിൽ ഏകദേശം 12 കോടി പേർ ഫോമുകൾ തിരികെ നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. മൊത്തം വോട്ടർമാരുടെ ഏകദേശം 81 ശതമാനം വരുമിത്. ബാക്കി ഫോമുകൾ തിരികെ ലഭിച്ചില്ല. ഏകദേശം 46.23 പേർ മരണപ്പെട്ടതായും 2.17 കോടി പേർ പലായനം ചെയ്തതായും 25.47 ലക്ഷം പേർ ഒന്നിൽകൂടുതൽ തവണ പേര് ചേർത്തെന്നുമാണ് കണ്ടെത്തൽ. രാഷ്ട്രീയ പാർട്ടികളെല്ലാം ദൗത്യത്തിൽ നന്നായി സഹകരിച്ചെന്നും ബൂത്ത് ലെവൽ ഓഫീസർമാർ അടക്കം അവരുടെ കർത്തവ്യം നന്നായി നിർവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ പരാതികൾ അറിയിക്കാനുള്ള അവസാന തിയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെയാണ് പരാതികൾ അറിയിക്കാനാകുക. മാർച്ച് ആറിന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കും. പട്ടികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക ലിങ്കുകൾ വഴി ലഭ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഏകദേശം 3 കോടി പേർ (18.7%) പുറത്തായതോടെ, രാജ്യത്ത് ഏറ്റവും കൂടുതൽ പേർ പുറത്താക്കപ്പെട്ട പ്രക്രിയ ഉത്തർപ്രദേശിലേതായി. തമിഴ്‌നാടും (15%) ഗുജറാത്തുമാണ് (14.5%) ഉത്തർപ്രദേശിന്റെ പിന്നിലുള്ള സംസ്ഥാനങ്ങൾ.
Content Highlights: The Uttar Pradesh election authorities have released the draft electoral roll following an intensive revision process. According to official data, 2.89 crore voters have been excluded from the updated draft list