'മഡുറോയെ പോലെ മോദിയെയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ?'; വിവാദപരാമർശവുമായി പൃഥ്വിരാജ് ചവാൻ; വിമർശിച്ച് BJP

കോൺഗ്രസിന്റെ ഇന്ത്യ വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന് ബിജെപി

'മഡുറോയെ പോലെ മോദിയെയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ?'; വിവാദപരാമർശവുമായി പൃഥ്വിരാജ് ചവാൻ; വിമർശിച്ച് BJP
dot image

മുംബൈ: വെനസ്വേലയിൽ കടന്നുകയറി മഡുറോയെ തട്ടിക്കൊണ്ടുപോയതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന വിവാദ പരാമർശവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് യുഎസ് താരിഫുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോഴായിരുന്നു ചവാന്റെ

വിവാദപരാമർശം. പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

ഇന്ത്യക്കെതിരായ താരിഫുകൾ ഇനിയും വർധിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയാരുന്നു ചവാൻ. 50 ശതമാനം താരിഫുകൾ ഏർപ്പെടുത്തിയാൽ വ്യാപാരം സാധ്യമല്ല എന്ന് പറഞ്ഞ ചവാൻ ഇന്ത്യക്ക് മറ്റ് വിപണികൾ തേടേണ്ടിവരുമെന്നും പറഞ്ഞു. പിന്നാലെയായിരുന്നു വെനസ്വേലയെ ചൂണ്ടിക്കാട്ടിയുള്ള പരാമർശം. 'ഇനി ചോദ്യം ഇങ്ങനെയാണ്. വെനസ്വേലയിൽ സംഭവിച്ചത് പോലെ ഇന്ത്യയിലും സംഭവിക്കുമോ? ട്രംപ് മോദിയെയും തട്ടിക്കൊണ്ടുപോകുമോ?' എന്നായിരുന്നു ചവാൻ ചോദിച്ചത്.

ചവാന്റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് ഓരോ ദിവസവും അധഃപതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ വെനസ്വേലയുമായി താരതമ്യം ചെയ്ത് സംസാരിക്കാൻ ചവാന് ലജ്ജയില്ലേ എന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. കോൺഗ്രസിന്റെ ഇന്ത്യ വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും രാഹുൽ ഗാന്ധി ഇന്ത്യയിൽ അരാജകത്വം ആഗ്രഹിക്കുന്നുവെന്നും പ്രദീപ് ഭണ്ഡാരി വിമർശിച്ചു.

ഡിസംബർ മൂന്നിനാണ് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സ് മഡുറോയെയും സീലിയെയും വെനസ്വേലയിൽ കടന്നുകയറി ബന്ദികളാക്കിയത്. പിന്നാലെ ഇരുവരെയും യുഎസിലെത്തിച്ചിരുന്നു. മയക്കുമരുന്ന് കടത്തും ആയുധവ്യാപാരവുമടക്കമുള്ള കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം മഡുറോയെ മാൻഹാട്ടൻ കോടതിയിൽ വിചാരണയ്ക്ക് ഹാജരാക്കിയിരുന്നു. വിചാരണയ്ക്കിടയിൽ തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിക്കുകയാണ് മഡുറോ ചെയ്തത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും മാന്യനായ ഒരു വ്യക്തിയാണ് താൻ എന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്. താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.

Content Highlights: Prithviraj Chavan made a controversial remark questioning whether U.S. President Trump would abduct Prime Minister Modi like Venezuelan President Maduro

dot image
To advertise here,contact us
dot image