

സൗദി അറേബ്യ തുടർച്ചയായ മൂന്നാം മാസവും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയിൽ വില്‍പ്പന വില കുറച്ചു. ആഗോള വിപണിയിലെ അമിത വിതരണ ആശങ്കകൾ തുടരുന്നതിനിടെയാണ് ഇന്ത്യ അടക്കമുള്ള ഏഷ്യൻ ഇടപാടുകാർക്കുള്ള വിലയില്‍ ഇടിവ് വരുത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനമായ സൗദി അരാംകോ ഫെബ്രുവരി മാസത്തില്‍ കയറ്റുമതി ചെയ്യുന്ന അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപ്പന വില (OSP) ഒമാൻ/ദുബായ് ശരാശരിയേക്കാള്‍ 0.30 ഡോളർ ആയി നിശ്ചയിച്ചു. മുൻ മാസത്തെ 0.60 ഡോളറിൽ നിന്ന് കുറവാണിത്.
അന്താരാഷ്ട്ര വിപണിയിലും ക്രൂഡ് ഓയിൽ വിലകൾ താഴോട്ട് പോയ ദിവസമായിരുന്നു ഇന്ന്. ബ്രെന്റ് ക്രൂഡ് ഏകദേശം 62 ഡോളർ പ്രതി ബാരലിനടുത്തും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 57-58 ഡോളർ പ്രതി ബാരലിനടുത്തുമായിട്ടാണ് വ്യാപാരം നടക്കുന്നത്. വെനിസ്വേലയിലെ യുഎസ് നടപടികൾ ആഗോള വിതരണത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തത വരുന്നതിനായി വിപണി കാത്തിരിക്കുകയാണ്. എന്നാൽ കുറഞ്ഞ ഡിമാൻഡും മികച്ച രീതിയിലുള്ള വിതരണവും ക്രൂഡ് വില കുതിക്കാതിരിക്കാന്‍ കാരണമായി.
ഏഷ്യയിലേക്ക് വിൽക്കുന്ന മറ്റ് ഗ്രേഡുകളുടെ വിലകളും 0.20 മുതൽ 0.30 ഡോളർ വരെ കുറച്ചു. യുഎസ്, വടക്കുപടിഞ്ഞാറൻ യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഗ്രേഡുകളുടെയും വിലകൾ അരാംകോ കുറച്ചിട്ടുണ്ട്. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്)ഉം സഖ്യകക്ഷികളും കഴിഞ്ഞ ആഴ്ച ആദ്യ പാദത്തിൽ ഉൽപ്പാദന വർധന താൽക്കാലികമായി നിർത്തിവെക്കാനുള്ള പദ്ധതി തുടരുകയാണെന്ന് ഉറപ്പാക്കി.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ ഇന്ത്യയിലെ നിക്ഷേപ സാന്നിധ്യം ശക്തമാക്കുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ആന്ധ്രപ്രദേശിലെ പുതിയ റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയത്തിൽ 20 ശതമാനം ഓഹരി സ്വന്തമാക്കാൻ അരാംകോ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 11 ബില്യൺ ഡോളർ (ഏകദേശം 96,000 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ഗ്രീൻഫീൽഡ് പദ്ധതി ആന്ധ്രയിലെ രാമയപട്ടണം തുറമുഖത്തിനടുത്താണ് സ്ഥാപിക്കുന്നത്.
ബിസിനസ് സ്റ്റാൻഡേർഡിനോട് സംസാരിച്ച ബിപിസിഎൽ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതനുസരിച്ച്, ആന്ധ്രപ്രദേശിലെ പുതിയ ഗ്രീൻഫീൽഡ് റിഫൈനറി പദ്ധതിയിൽ 30-40 ശതമാനം ഓഹരി വിറ്റഴിക്കാനാണ് ബിപിസിഎൽ ലക്ഷ്യമിടുന്നത്. ഇതിൽ ഏകദേശം 20 ശതമാനം സൗദി അരാംകോയ്ക്കും 10 ശതമാനം ഓയിൽ ഇന്ത്യ ലിമിറ്റഡിനും നൽകാനുള്ള ആലോചനയിലാണ് കമ്പനി. കൂടാതെ, താൽപര്യമുള്ള ബാങ്കുകൾക്ക് 4-5 ശതമാനം ഓഹരി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
പദ്ധതിയുടെ റിഫൈനിങ് ശേഷി ദിവസം 180,000 മുതൽ 240,000 ബാരൽ വരെയായിരിക്കുമെന്നാണ് പ്രതീക്ഷ. നെല്ലൂർ ജില്ലയിലെ രാമയ്യപട്ടണം തുറമുഖത്തിനടുത്താണ് റിഫൈനറി-പെട്രോകെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കുന്നത്. ഈ വർഷം ആദ്യം ആന്ധ്രപ്രദേശ് സർക്കാർ പദ്ധതിക്കായി ഏകദേശം 6000 ഏക്കർ ഭൂമി അനുവദിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം 2029 ജനുവരിയോടെ വാണിജ്യ ഉൽപാദനം ആരംഭിക്കണമെന്നാണ് ലക്ഷ്യം. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ ഇന്ധനവും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും ആവശ്യകത കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആസൂത്രണം ചെയ്തിരുന്ന 60 മില്യൺ ടൺ വാർഷിക ശേഷിയുള്ള മെഗാ റിഫൈനറി പദ്ധതി ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചതിന് ശേഷമാണ് ബിപിസിഎൽ ആന്ധ്രപ്രദേശിലേക്ക് തിരിഞ്ഞത്. പകരം ചെറിയ റിഫൈനറികൾ സ്ഥാപിക്കാനുള്ള നിർദേശമാണ് പെട്രോളിയം മന്ത്രാലയം നൽകിയത്. 2030ഓടെ ഇന്ത്യയുടെ മൊത്തം റിഫൈനിങ് ശേഷി 450 മില്യൺ ടണ്ണാക്കി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.
content Higlights: Saudi Arabia has cut crude oil selling prices for the third consecutive month. This move brings relief to India and other importing countries by lowering the cost of oil.