ഇൻഡോർ മലിനജല ദുരന്തം: ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍

ഇൻഡോർ മലിനജല ദുരന്തം: ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 17 ആയി; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
dot image

ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം 17 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികള്‍ ചികിത്സയ്ക്ക് എത്തുന്നതും ആളുകള്‍ മരിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം ഇന്‍ഡോറിലെ മലിനജലം കുടിച്ച് 17 പേരോളം മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കുകയും മൂന്ന് ഹര്‍ജികള്‍ പരിശോധിക്കുകയും ചെയ്യും. മധ്യപ്രദേശ് സര്‍ക്കാര്‍ കോടതി നിര്‍ദേശ പ്രകാരം നിലവിലെ സ്ഥിതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്‍ഡോറിലെ ജലദുരന്തത്തെ സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്. ജലദുരന്തത്തില്‍ മരിച്ചവരുടെയോ ചികിത്സ തേടിയവരുടെയോ കൃത്യമായ എണ്ണം പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇന്‍ഡോര്‍ മലിനജല ദുരന്തത്തെ സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ, ചികിത്സ നടപടികളും കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

ഇന്‍ഡോറിലെ ഭഗീരഥപുരയിലെ വാര്‍ഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് വിഷബാധയുണ്ടായത്. ദുരന്തം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വെള്ളത്തെ സംബന്ധിച്ച് പ്രദേശവാസികളില്‍ ചിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഇത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതിഗതി വഷളായി. നര്‍മദ നദിയില്‍നിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബര്‍ 28ഓടെ വാര്‍ഡിലെ 90 ശതമാനം ആളുകള്‍ക്കും വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.

കുടിവെള്ള പൈപ്പ് ലൈനിനു മുകളില്‍, സേഫ്റ്റി ടാങ്കില്ലാതെ നിര്‍മ്മിച്ച ശൗചാലയത്തില്‍നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളില്‍ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം കണ്ടെത്തി.

അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും കോടതി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Content Highlight; The Indore water tragedy death toll has risen to 17, prompting the Congress party to prepare for protests over the incident

dot image
To advertise here,contact us
dot image