

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ സ്പോൺസർ രമേശ് ബാബുവിനെ ചോദ്യംചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഈ ആഴ്ച്ച തന്നെ രമേശ് റാവുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. വാസുവിന്റെ കാലത്ത് ഇയാൾക്ക് സ്പോൺസർഷിപ്പ് ഏകോപനമുണ്ടായിരുന്നതായാണ് വിവരം. ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചന. പോറ്റിക്ക് പണം നൽകിയ സ്പോൺസറാണ് രമേശ് റാവു. എറണാകുളം സ്വദേശിയായ രാഷ്ട്രീയ ബന്ധമുളള ഒരു വ്യവസായിയും ചോദ്യമുനയിലുണ്ട്. പോറ്റിയുടെ രേഖകളിൽ ഇയാളുടെ പേരും ഉണ്ടെന്നാണ് വിവരം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് എസ്‌ഐടി കടക്കുകയാണ്. അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇവരുടെ സ്വത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ശബരിമല സ്വര്‍ണക്കൊളള കേസില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചും അന്വേഷണം നടക്കും. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ നേരിട്ട് അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കര്‍ ദാസിന്റെ അപ്പീല്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. കേസിൽ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ദാസ് നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കൊള്ളയില്‍ ശങ്കര്‍ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നും നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
Content Highlights:Sabarimala gold theft: Sponsor Ramesh Rao who paid for unnikrishnan potty to be questioned