

ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയാകാനൊരുങ്ങി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. നാളെ (ജനുവരി 6ന്) മുഖ്യമന്ത്രി കസേരയിൽ ഏഴ് വർഷവും 240 ദിവസവും ആകുന്നതോടെയാണ് സിദ്ധരാമയ്യ ഏറ്റവും കൂടുതൽ കാലം കർണാടകയെ നയിച്ച മുഖ്യമന്ത്രിയാകുക. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിന്റെ ഏഴ് വർഷവും 239 ദിവസം എന്ന റോക്കോർഡാണ് സിദ്ധരാമയ്യ മറികടക്കുക.
നേട്ടത്തിലെ സന്തോഷവും സിദ്ധരാമയ്യ പങ്കുവെച്ചു. ദേവരാജ് അരസ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഭരിച്ചതിന്റെ കാരണം ജനങ്ങളുടെ അനുഗ്രഹമാണ്. അരസ് മൈസൂരുവിൽ നിന്നുള്ളയാളാണെന്നത് സന്തോഷം തരുന്ന കാര്യമാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു. താലൂക്ക് ബോർഡ് അംഗമായ ശേഷം, എന്റെ രാഷ്ട്രീയ ജീവിതത്തിൽ മന്ത്രിയും മുഖ്യമന്ത്രിയുമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. താന്‍ 13 തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒമ്പത് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യ കുറഞ്ഞ അരസ് സമുദായത്തിൽപ്പെട്ട ദേവരാജ് അരസ് ജനപ്രിയ നേതാവായിരുന്നു. ഇത്രയും വലിയ നേതാവും ഞാനും തമ്മിലുള്ള താരതമ്യം ശരിയല്ല എന്നും സിദ്ധരാമയ്യ പറഞ്ഞു.
തന്റെ ഈ റെക്കോർഡും ഒരിക്കൽ തകർക്കപ്പെടും. താൻ കാലാവധി പൂർത്തിയാക്കുന്നതോടെ മറ്റൊരു നേതാവ് മുന്നോട്ട് വന്നേക്കാം. തന്നേക്കാൾ കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ഒരു നേതാവും മുന്നോട്ട് വന്നേക്കാം എന്നും സിദ്ധരാമയ്യ പറഞ്ഞു. സംക്രാന്തിക്ക് ശേഷം ബജറ്റ് തയ്യാറെടുപ്പ് ആരംഭിക്കും എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഏറ്റവും പ്രധാനമായി മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി താൻ ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
1973-ൽ മൈസൂർ സംസ്ഥാനം കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിനുശേഷം അധികാരത്തിലേറിയ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ദേവരാജ് അരസ്. രാഷ്ട്രീയ നേതൃത്വത്തിൽ ഉയർന്ന ജാതിക്കാരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ ആധിപത്യം പുലർത്തിയിരുന്ന ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള അരസിൻ്റെ വരവ്. അരസു ജാതിയിൽപ്പെട്ട ദേവരാജ് പിന്നോക്ക സമുദായത്തിൽ നിന്നുള്ള കർണാടകയുടെ ആദ്യ മുഖ്യമന്ത്രിയായി മാറി. കർണാടകയുടെ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങളിൽ ദേവരാജ് അരസിൻ്റെ മുഖ്യമന്ത്രി പദവി വലിയ മാറ്റങ്ങളാണ് വരുത്തിയത്. പിന്നോക്ക, ന്യൂനപക്ഷ, ദളിത് സമുദായങ്ങളുടെ നേതാവായാണ് അരസ് വിശേഷിപ്പിക്കപ്പെടുന്നത്. ദേവരാജ് അരസ് മുഖ്യമന്ത്രി ആയതിന് പിന്നാലെ എസ് ബംഗാരപ്പ, എം വീരപ്പ മൊയ്‌ലി, സിദ്ധരാമയ്യ തുടങ്ങിയവർ പിന്നാക്ക വിഭാഗത്തിൽ നിന്നും മുഖ്യമന്ത്രി പദവിയിലേയ്ക്കെത്തി.

എന്നാൽ ഇവരിൽ അരസ് രൂപപ്പെടുത്തിയ അഹിന്ദ സമവാക്യത്തെ പുനരുജ്ജീവിപ്പിച്ച നേതാവായി മാറിയത് സിദ്ധരാമയ്യയായിരുന്നു. ഇതോടെ കർണാടക രാഷ്ട്രീയത്തിൽ പിന്നാക്ക, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്ക് വേണ്ടി വാദിക്കുന്ന നേതാവ് എന്ന പ്രതിച്ഛായ സിദ്ധരാമയ്യയ്ക്ക് സ്വന്തമായി. രണ്ട് തവണയും സിദ്ധരാമയ്യയെ കോൺഗ്രസ് മുഖ്യമന്ത്രി പദവിയിലേയ്ക്ക് പരിഗണിക്കുന്നതിന് കാരണമായതും ഈ സ്വീകാര്യതയായിരുന്നു. കർണാടകയിലെ ലിംഗായത്ത് വൊക്കലിംഗ ആധിപത്യമുള്ള രാഷ്ട്രീയ സാഹചര്യത്തെ വെല്ലുവിളിച്ച് കൊണ്ടാണ് സിദ്ധരാമയ്യ 2013ൽ ആദ്യമായി കർണാടക മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.
സ്വന്തം പാർട്ടിയിലെ നേതൃത്വവുമായി ഏറ്റമുട്ടിയ ചരിത്രത്തിലും ദേവരാജ് അരസിനും സിദ്ധരാമയ്യയ്ക്കും സമാനതകളുണ്ട്. 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് അരസ് ഇന്ദിരാഗാന്ധിയ്ക്ക് എതിരായ സമീപനം സ്വീകരിച്ചു. അതിൻ്റെ ഭാഗമായി 1979ൽ അരസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായിട്ടായിരുന്നു സിദ്ധരാമയ്യയുടെ ഏറ്റമുട്ടൽ. ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദവി പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു ദേവഗൗഡ-സിദ്ധരാമയ്യ തർക്കത്തിന് വഴിതെളിച്ചത്. ഇതിനെ തുടർന്ന് 2006ൽ സിദ്ധരാമയ്യ ജെഡിഎസിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.
അഹിന്ദ സമവാക്യം വിജയകരമായി പരീക്ഷിച്ച കോൺഗ്രസ് നേതാക്കൾ എന്ന നിലയിലാണ് ദേവരാജ് അരസിനെയും സിദ്ധരാമയ്യയെയും വിശേഷിപ്പിക്കുന്നത്. 1972ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവരാജ് അർസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് ആകെയുള്ള 216 സീറ്റുകളിൽ 165 എണ്ണവും നേടിയാണ് അധികാരത്തിൽ എത്തിയത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224 സീറ്റുകളിൽ കോൺഗ്രസ് 135 സീറ്റുകളിൽ വിജയിച്ചു. മൂന്നര പതിറ്റാണ്ടിനിടെ കോൺഗ്രസ് കർണാടകയിൽ നേടുന്ന ഏറ്റവും മികച്ച വിജയം എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്.
Content Highlights: Siddaramaiah to become karnatakas longest serving CM after Devaraj Urs