

കൊച്ചി: ജെ ബി കോശി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് സിറോ മലബാർ സഭ. നിയമസഭാ തെരഞ്ഞെടുപ്പിൽ അവഗണയ്ക്കെതിരെയാണ് വോട്ടെന്നും കത്തോലിക്കാ കോൺഗ്രസിൻ്റെ ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ദീപികയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. 'ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസമുദായം അവരനുഭവിക്കുന്ന അനീതിക്കും ബോധപൂർവകമായ അവഗണനയ്ക്കും വഞ്ചനയ്ക്കുമെതിരേ വ്യക്തമായ വിധിനിർണയം നടത്തും എന്നതിലും സംശയമില്ല. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്ന് ക്രൈസ്തവസമൂഹം ഒന്നടങ്കം രാഷ്ട്രീയപാർട്ടികളെ ശക്തമായി അറിയിച്ചിട്ടുള്ളതാണ്' എന്നാണ് ഫിലിപ്പ് കവിയിൽ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
'വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക യാഥാർഥ്യങ്ങൾ ശാസ്ത്രീയമായി പഠിച്ച കമ്മീഷനായിരുന്നു ജെ.ബി. കോശി കമ്മീഷൻ. അത് വികാരപരമായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് രേഖയല്ല; സ്ഥിതിവിവരക്കണക്കുകളും യാഥാർഥ്യങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയമായി തയാറാക്കിയ ഒരു നീതിപത്രമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, ആ നീതിപത്രം മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും ഭരണകൂടത്തിൻറെ മേശവലിപ്പിൽ പുറംലോകം കാണാതെ പൊടിപിടിച്ചു കിടക്കുകയാ'ണെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്. 'വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, ക്ഷേമപദ്ധതികൾ തുടങ്ങി എല്ലായിടത്തും പിന്നാക്കാവസ്ഥ വ്യക്തമായിട്ടും, അതിനു പരിഹാരം നിർദേശിക്കുന്ന കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയാറായില്ല എന്നത് ഒരു ഭരണപരമായ വീഴ്ചയല്ല, മറിച്ച് ഒരു സമൂഹത്തോടുള്ള രാഷ്ട്രീയ വഞ്ചനയാണ്, സാമൂഹ്യനീതി എന്ന ആശയത്തോടുള്ള തുറന്ന അവഹേളനമാണ് എന്ന് പറയാതെ വയ്യെ'ന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
'തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ന്യൂനപക്ഷ സംരക്ഷണം പറയുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിൽ മാറിമാറി പരീക്ഷിക്കുക പതിവാണ്. എന്നാൽ, അധികാരം ലഭിച്ചാൽ, റിപ്പോർട്ടുകളും ശിപാർശകളും സൗകര്യപൂർവം മറക്കുന്നു. ജെ.ബി. കോശി കമ്മീഷൻ അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം; പക്ഷേ പരിഹരിക്കാൻ രാഷ്ട്രീയ മനസ് വേണ്ടെന്നാണോ? ഈ ചോദ്യം ക്രൈസ്തവ സമൂഹം ഇനി സൗമ്യമായി ചോദിച്ചാൽ മതിയാകില്ല. ഇച്ഛാശക്തിയോടെ, സുവ്യക്തമായി രാഷ്ട്രീയ കേരളത്തോട് ചോദിക്കേണ്ട സമയമാണ് വരാൻ പോകുന്നതെന്നും ലേഖനം പറയുന്നുണ്ട്. ഞങ്ങളെ കേൾക്കുന്നില്ലെങ്കിൽ, ഞങ്ങളും നിങ്ങളെ കേൾക്കില്ല” എന്ന ജനാധിപത്യ സന്ദേശം കഴിഞ്ഞ ലോക്സഭാ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണവർഗത്തിന് നൽകുന്നുണ്ട് എന്നത് നിസ്തർക്ക'മാണെന്നും ഫിലിപ്പ് കവിയിൽ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
'അടിസ്ഥാന തലത്തിൽ നടന്ന തെരഞ്ഞെടുപ്പു വിശകലനം കാണിക്കുന്നത് സർക്കാരിനോടുള്ള രാഷ്ട്രീയ വിശ്വാസം അടിസ്ഥാനവർഗങ്ങൾക്ക് പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗങ്ങൾക്ക് നഷ്ടമായിരിക്കുന്നു എന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് അവസാന മുന്നറിയിപ്പല്ല, അവസാന അവസരമാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന വ്യക്തമായ രാഷ്ട്രീയ പ്രതിജ്ഞ ഇല്ലാതെ, ക്രൈസ്തവ സമൂഹത്തിൻറെ വിശ്വാസം തിരിച്ചുപിടിക്കാൻ ഒരു മുന്നണിക്കും കഴിയില്ലെ'ന്നും ലേഖനം അടിവരയിടുന്നുണ്ട്.
'ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കണം.അതിന് സമയബന്ധിതമായ നിയമനിർമാണവും പദ്ധതികൾക്ക് വേണ്ട തുകയും ബജറ്റിൽ ഉറപ്പാക്കണം അല്ലെങ്കിൽ, ക്രൈസ്തവ സമൂഹം കത്തോലിക്ക കോൺഗ്രസിൻറെ നേതൃത്വത്തിൽ ജനാധിപത്യപരമായ എല്ലാ മാർഗങ്ങളിലൂടെയും പ്രതികരിക്കും. അവഗണിക്കപ്പെട്ട സമൂഹങ്ങൾ ഒടുവിൽ രാഷ്ട്രീയ ചരിത്രം മാറ്റും എന്നത് കേരളത്തിൻറെ ഗതകാല ചരിത്രം പഠിപ്പിക്കുന്ന പാഠമാണ്' എന്ന മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.
Content Highlights: Syro Malabar Church demands JB Koshy report implementation