

ചണ്ഡീഗഡ്: ബലാത്സംഗ, കൊലക്കേസ് പ്രതിയും ദേരാ സച്ചാ സൗദാ തലവനുമായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. നാല്‍പത് ദിവസത്തെ പരോളാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. 2017 ല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഗുര്‍മീതിന് ലഭിക്കുന്ന 15-ാം പരോളാണിത്. കഴിഞ്ഞ വര്‍ഷവും ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. ദേരാ സച്ചാ സൗദ സംഘടനയുടെ സിര്‍സിലെ ആസ്ഥാനത്തായിരിക്കും ഗുര്‍മീത് പരോള്‍ കാലാവധി ചെലവഴിക്കുക. ബലാത്സംഗക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട ശേഷം നിലവിൽ ഹരിയാനയിലെ റോഹ്ത്തക്കിലെ സുനാരിയ ജലിലിയാണ് ഗുർമീത് കഴിയുന്നത്.

2025 ല്‍ ഗുര്‍മീതിന് മൂന്ന് തവണയാണ് പരോള്‍ ലഭിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ 30 ദിവസത്തെ പരോളായിരുന്നു ലഭിച്ചത്. അതിന് ശേഷം ഏപ്രിലില്‍ 21 ദിവസത്തെയും ഓഗസ്റ്റില്‍ 40 ദിവസത്തെയും പരോള്‍ ലഭിച്ച് ഇയാള്‍ പുറത്തിറങ്ങി. ഗുര്‍മീതിന് പലപ്പോഴും പരോള്‍ അനുവദിച്ചത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു എന്നതാണ് ശ്രദ്ധേയം. നേരത്തേ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ഒക്ടോബര്‍ ഒന്നിന് ഗുര്‍മീതിന് 20 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. അതേ വര്‍ഷം ജനുവരിയില്‍ ഗുര്‍മീതിന് 50 ദിവസത്തെ പരോളും ലഭിച്ചു. 2023 നവംബറില്‍ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസവും ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പായി ജൂലൈയില്‍ 30 ദിവസവും ജൂണില്‍ 40 ദിവസവും ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. ഇതേ വര്‍ഷം ജനുവരിയില്‍ ഗുര്‍മീതിന് 40 ദിവസത്തെ പരോളും അനുവദിച്ച് കിട്ടിയിരുന്നു. 2022 ലും സമാനമായിരുന്നു സാഹചര്യം. 2022 ഒക്ടോബറില്‍ 40 ദിവസത്തെ പരോളായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. ജൂണില്‍ 30 ദിവസവും ഫെബ്രുവരിയില്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസത്തെ പരോളും ഇയാള്‍ക്ക് ലഭിച്ചു. 2021 മെയിലും 2020 ഒക്ടോബറിലും ഇയാള്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

ഗുര്‍മീതിന് തുടര്‍ച്ചയായി പരോള്‍ ലഭിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ രംഗത്തെത്തി. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശനം ഉന്നയിച്ചത്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ടുവെന്നും യുഎപിഎ ചുമത്തി അഞ്ച് വര്‍ഷമായി അദ്ദേഹത്തെ ജയിലിലിട്ടിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണ പോലും ആരംഭിച്ചിട്ടില്ല. അതേസമയം ബലാത്സംഗ, കൊലക്കേസ് പ്രതിയായ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍ ലഭിച്ചിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇത് 15-ാം തവണയാണ് പരോള്‍ ലഭിക്കുന്നത്. ഒരാള്‍ വിചാരണ പോലുമില്ലാതെ ദുരിതമനുഭവിക്കുമ്പോള്‍ മറ്റൊള്‍ ജയില്‍ ജീവിതം ആസ്വദിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.

1948ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ചാ സൗദ സംഘടനയുടെ തലവനാണ് ഗുര്‍മീത് സിങ്. ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുര്‍മീതിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് പറഞ്ഞായിരുന്നു ഇയാളുടെ അതിക്രമം. ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ ഇയാള്‍ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. 2002 ല്‍ മാനേജരായിരുന്ന രഞ്ജിത് സിങിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസില്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയായിരുന്നു ലഭിച്ചത്. പതിനാറ് വര്‍ഷം മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നു.
Content Highlights- Dera chief Gurmeet Ram Rahim again granted 40-day parole