

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിൽ താരം മുംബൈയെ നയിക്കും. നിലവിലെ ക്യാപ്റ്റനായ ശാർദുൽ താക്കൂർ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്. ഇന്ന് ഹിമാചൽ പ്രദേശിനെതിരെ നടക്കാനിരിക്കുന്ന വിജയ് ഹസാരെ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി താരം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ താരം ഇടംപിടിച്ചിരുന്നു. എങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ശ്രേയസിനെ ടീമിൽ പരിഗണിക്കൂ എന്നും ബിസിസിഐ പറഞ്ഞിരുന്നു. വിജയ് ഹസാരെ ട്രോഫി ടീമിനെ നയിക്കുമ്പോൾ ശ്രേയസിന് ഫിറ്റ്നസ് തെളിയിക്കാനാവും. അതുകൊണ്ട് തന്നെ ന്യൂസിലാൻഡിനെതിരായ പരമ്പരയിലൂടെ ശ്രേയസിന് ഇന്ത്യൻ ടീമിലേക്കും തിരിച്ചെത്താനാവും.
ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളാണ് ഇനി മുംബൈയ്ക്ക് അവശേഷിക്കുന്നത്. ജനുവരി ആറിന് ഹിമാചൽ പ്രദേശും എട്ടിന് പഞ്ചാബുമാണ് മുംബൈയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങൾ ശ്രേയസ് ടീമിനെ നയിക്കും. ജനുവരി 11നാണ് ന്യൂസീലൻഡ് പരമ്പര ആരംഭിക്കുക. അതുകൊണ്ട് തന്നെ വിജയ് ഹസാരെ ട്രോഫി അവസാനിച്ചതിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടീമിനൊപ്പം ചേരാനാവും.
Content Highlights: Shreyas Iyer to captain Mumbai in remainder of Vijay Hazare Trophy