ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല, ഹിന്ദു വോട്ടുകൾ സമാഹരിച്ചില്ല: കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി നേതാക്കൾ

യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും കനുഗോലുവിന്റെ റിപ്പോര്‍ട്ട്

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ല, ഹിന്ദു വോട്ടുകൾ സമാഹരിച്ചില്ല: കനുഗോലുവിന്റെ റിപ്പോർട്ട് തിരുത്തി നേതാക്കൾ
dot image

കല്‍പ്പറ്റ: കെപിസിസി നേതൃ ക്യാമ്പില്‍ സുനില്‍ കനുഗോലുവിനെ തിരുത്തി നേതാക്കള്‍. കനുഗോലുവിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ തെറ്റാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് മുന്നേറ്റത്തിന് ഭരണവിരുദ്ധ വികാരം കാരണമായിട്ടില്ലെന്ന വിലയിരുത്തലാണ് നേതാക്കള്‍ തിരുത്തിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബഹനാന്‍ എന്നീ നേതാക്കളാണ് തിരുത്തിയത്.

യുഡിഎഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം ഉണ്ടായില്ലെന്നും കനുഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുസ്‌ലിം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ഇടിവുണ്ടായിട്ടില്ലെന്നും കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ വിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിച്ചിട്ടില്ലെന്നാണ് കനുഗോലു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ പറ്റിയില്ല, ഈഴവ വോട്ടുകള്‍ സിപിഐഎമ്മിനും നായര്‍ വോട്ടുകള്‍ ബിജെപിക്കും അനുകൂലമായെന്നായിരുന്നു കനുഗോലുവിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ സര്‍വ്വേ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. ക്രൈസ്തവ വോട്ടുകളും യുഡിഎഫിന് അനുകൂലമായതായാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ഓരോ മണ്ഡലത്തിലെയും ജയസാധ്യതാ റിപ്പോര്‍ട്ടും കനുഗോലു അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നതടക്കം വിശദമായ പഠന റിപ്പോര്‍ട്ട് കനുഗോലു അവതരിപ്പിച്ചു.

Content Highlights: Congress leaders have reportedly revised a report prepared by strategist Sunil Kanugolu regarding the local body elections

dot image
To advertise here,contact us
dot image