

മുംബൈ: 1300 പേര്‍ മാത്രമുളള ഗ്രാമത്തില്‍ 27,000 പേരുടെ ജനനം രജിസ്റ്റര്‍ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍. മഹാരാഷ്ട്ര സൈബര്‍ എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ആരോഗ്യ സേവന ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ ആരോഗ്യ ഓഫീസറും അംഗങ്ങളായ അന്വേഷണസംഘമാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) സോഫ്റ്റ് വെയര്‍ രേഖകളിലാണ് ക്രമക്കേടുണ്ടായത്. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ അര്‍ണി താലൂക്കിലുളള ഷെന്‍ദുരുസാനി ഗ്രാമപഞ്ചായത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 1300 ആണ്. എന്നാല്‍ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം വഴി സൃഷ്ടിക്കപ്പെട്ട ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 27,000 ആണ്.
ഈ കണക്ക് ഗ്രാമത്തിന്റെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെക്കൂടുതലാണെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. മൂന്നുമാസത്തിനുളളിലാണ് 27,398 ജനന രജിസ്‌ട്രേഷന്‍ നടന്നത്. സംഭവത്തില്‍ യവത്മാല്‍ സിറ്റി പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത, ഐടി ആക്ട് എന്നിവയിലെ സുപ്രധാന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) എന്നറിയപ്പെടുന്ന ജനന-മരണ രജിസ്‌ട്രേഷന്‍ സംവിധാനം തകരാറിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ സിആര്‍എസ് ലോഗിന്‍ ഐഡി മുംബൈയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലാ ആരോഗ്യ ഓഫീസര്‍ യവത്മാല്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് കേസെടുക്കുകയും സർക്കാർ അന്വേഷണ സംഘം രൂപീകരിക്കുകയുമായിരുന്നു.
Content Highlights: maharashtra village with 1500 people records over twenty seven thousand births; sit formed