

വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന് ഇന്ത്യൻ താരം റിങ്കു സിംഗ്. വിദര്‍ഭക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു 30 പന്തില്‍ 57 റണ്‍സെടുത്തു. പരിക്കേറ്റ് താരം റിട്ടയർ ഹാർട്ടായി മടങ്ങിയെങ്കിലും ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
റിങ്കുവിന് പുറമെ ഓപ്പണര്‍ അഭിഷേക് ഗോസ്വാമി സെഞ്ചുറിയും പ്രിയം ഗാര്‍ഗ്(49 പന്തില്‍ 67), ധ്രൂവ് ജുറെല്‍(61 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചുറികളും നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സടിച്ചു. വിദർഭയുടെ മറുപടി 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസിലവസാനിച്ചപ്പോൾ യു പി 54 റൺസിന്റെ വിജയം സ്വന്തമാക്കി.
വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലാണ് റിങ്കു സിംഗ് ബാറ്റ് ചെയ്യുന്നത്. ഹൈദരാബാദിനെതിരെ 48 പന്തില്‍ 67, ചണ്ഡീഗഡിനെതിരെ 60 പന്തില്‍ 106, ബറോഡക്കെതിരെ 67 പന്തില്‍ 63, ആസമിനെതിരെ 15 പന്തില്‍ 37, ജമ്മു കശ്മീരിനെതിരെ 35 പന്തില്‍ 41, വിദര്‍ഭക്കെതിരെ 30 പന്തില്‍ 57 എന്നിങ്ങനെ കഴിഞ്ഞ ആറ് ഇന്നിംഗ്സുകളില്‍ സ്കോർ. 92.75 ശരാശരിയിലും 145.49 സ്ട്രൈക്ക് റേറ്റിലും 371 റണ്‍സാണ് റിങ്കു ഇതുവരെ അടിച്ചുകൂട്ടിയത്.
Content Highlights- rinku singh continue good from in vijay hazare trophy