ഇന്ത്യ-പാക് ശത്രുത അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹമല്ല: ഹിമാചൽ പ്രദേശ് ഹൈക്കോടതി

ദേശവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായയാള്‍ക്ക് ജാമ്യം നല്‍കവേയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം

ഇന്ത്യ-പാക് ശത്രുത അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹമല്ല: ഹിമാചൽ പ്രദേശ് ഹൈക്കോടതി
dot image

ഷിംല: ഇന്ത്യ പാക് ശത്രുത അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് അറസ്റ്റിലായയാള്‍ക്ക് ജാമ്യം നല്‍കവേയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. അഭിഷേക് സിങ് ഭരദ്വാജ് എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് രാകേഷ് കൈന്ത്‌ലയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്.

നിരോധിത ആയുധങ്ങളുടെയും പാകിസ്താന്‍ പതാകയുടേയും വീഡിയോയും നിയാസ് ഖാന്‍ എന്നയാളുടെ ചാറ്റ് ഹിസ്റ്ററിയും പങ്കുവെച്ച് എന്നാരോപിച്ചായിരുന്നു അഭിഷേകിനെ അറസ്റ്റ് ചെയ്തത്. അഭിഷേക് ഓപ്പറേഷന്‍ സിന്ദൂര്‍ തെറ്റാണെന്ന് പറഞ്ഞെന്നും ഖലിസ്താനെ പിന്തുണച്ചെന്നും ആരോപണമുണ്ടായിരുന്നു.

അഭിഷേക് ഒരാളുമായി ചാറ്റ് ചെയ്തതും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയെ വിമര്‍ശിച്ചതും നിരീക്ഷിച്ച കോടതി, മതത്തിനുമപ്പുറം എല്ലാ ജനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നും യുദ്ധം ഒരു ഫലപ്രദമായ ലക്ഷ്യവും നല്‍കുന്നില്ലെന്നുമാണ് ഇവര്‍ പരസ്പരം വാദിച്ചതെന്ന് നിരീക്ഷിച്ചു. 'ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം എങ്ങനെ രാജ്യദ്രോഹമാകും', കോടതി നിരീക്ഷിച്ചു.

മാത്രവുമല്ല, സര്‍ക്കാരിനെതിരെ പ്രതിക്ക് വിദ്വേഷമോ വെറുപ്പോ ഉള്ളതായി എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനില്‍ നിന്നും നിരോധിത ആയുധം കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അഭിഷേകിന്റെ പെന്‍ഡ്രൈവുകളിലെ ചിത്രങ്ങളും വീഡിയോകളും കോടതി പരിശോധിച്ചു. നിരോധിത ആയുധങ്ങളുടെ ചിത്രങ്ങളും ഒരാളുടെ പേരും പങ്കുവെക്കുന്നത്, പ്രത്യേകിച്ച് ഹര്‍ജിക്കാരന്റെ കയ്യില്‍ നിന്നും നിരോധിത ആയുധങ്ങള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ രാജ്യദ്രോഹക്കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ജിക്കാരന്റെ മൊബൈല്‍ ഫോണില്‍ നിന്നും ശേഖരിച്ച ഡാറ്റകളില്‍ നിന്ന് ഖലിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിന് തെളിവില്ലെന്നും ഇനി അഥവാ അങ്ങനൊരു മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ അത് സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു കുറ്റമല്ലെന്നും കോടതി പറഞ്ഞു. അഭിഭാഷകനായ സഞ്ജീവ് കുമാര്‍ സുരിയാണ് അഭിഷേകിന് വേണ്ടി ഹാജരായത്. സര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ പ്രശാന്ത് സെന്‍ ഹാജരായി. ഹര്‍ജിക്കാരന്‍ ദേശവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്നും പാകിസ്താന്‍ പൗരന്മാരുമായി ബന്ധമുണ്ടെന്നും പ്രശാന്ത് സെന്‍ വാദിച്ചു.

എന്നാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, തെളിവുകള്‍ സ്വാധീനിക്കരുത്, മൊബൈല്‍ നമ്പറിലും സാമൂഹ്യ മാധ്യമങ്ങളിലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടായാല്‍ അത് പൊലീസിനെയും കോടതിയെയും അറിയിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തി കോടതി ഹര്‍ജിക്കാരന് ജാമ്യം അനുവദിക്കുകയായിരുന്നു.

Content Highlights: The Himachal Pradesh High Court held that expressing a wish to end hostility between India and Pakistan does not constitute sedition

dot image
To advertise here,contact us
dot image