'പത്മകുമാറിനെ തിഹാർ ജയിലിലേക്കയക്കട്ടെ, അയ്യപ്പസംഗമത്തെ തകർക്കലായിരുന്നു പോറ്റിയുടെ ലക്ഷ്യം'; രാജു എബ്രഹാം

പത്മകുമാർ ചെയ്ത കുറ്റം എന്താണെന്നത് അറിഞ്ഞുകഴിഞ്ഞാൽ പാർട്ടി നടപടി സ്വീകരിക്കുമെന്നും രാജു എബ്രഹാം

'പത്മകുമാറിനെ തിഹാർ ജയിലിലേക്കയക്കട്ടെ, അയ്യപ്പസംഗമത്തെ തകർക്കലായിരുന്നു പോറ്റിയുടെ ലക്ഷ്യം'; രാജു എബ്രഹാം
dot image

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിനെ തിഹാർ ജയിലിലേക്കയക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. യുഡിഎഫിന്റെ ബഡാ നേതാക്കളാണ് പോറ്റിയെ ശബരിമലയിൽ കയറ്റിയത് എന്നും 2007ൽ പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്താണ് പോറ്റി ക്ഷേത്രത്തിൽ കയറിക്കൂടിയത് എന്നും രാജു എബ്രഹാം പറഞ്ഞു. ഡൽഹിയിൽ പോയി സോണിയാഗാന്ധിയെ കണ്ട് ബ്രേസ്‌ലെറ്റ് കെട്ടിക്കൊടുത്തത് സിപിഐഎം നേതാക്കൾ അല്ല എന്നും പി കെ ചന്ദ്രാനന്ദന്റെ കാലം മുതൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് സിപിഐഎം ആണെന്നും രാജു എബ്രഹാം പറഞ്ഞു.

പത്മകുമാർ ചെയ്ത കുറ്റം എന്താണെന്നത് അറിഞ്ഞുകഴിഞ്ഞാൽ പാർട്ടി കൃത്യമായി നടപടി സ്വീകരിക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. സസ്പെൻഡ് ചെയ്യണോ പുറത്താക്കണോ എന്നത് ചെയ്ത കുറ്റത്തിൻ്റെ ആഴം അറിഞ്ഞ ശേഷം തീരുമാനിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കണമെങ്കിൽ വലിയ കുറ്റം ചെയ്യണം. ഇപ്പോൾ പുറത്തുവന്നത് ഗൂഢാലോചന മാത്രമാണെന്നും രാജു എബ്രഹാം വ്യക്തമാക്കി.

ശബരിമല ആഗോള അയ്യപ്പസംഗമത്തെ തകർക്കാനായിരുന്നു സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ലക്ഷ്യമെന്നും രാജു എബ്രഹാം വിമർശിച്ചു. ഹൈക്കോടതിയിൽ കേസ് വന്നത് ഉണ്ണികൃഷ്ണൻ പോറ്റി കാരണമാണ്. ശബരിമലയിൽ തൊടാൻ ഇനി ഒരുത്തനും ധൈര്യപ്പെടരുത്. കേസ് ഒരിക്കലും സിപിഐഎമ്മിന് തിരിച്ചടിയാകില്ലെന്നും മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രി വീണ ജോർജ് വീണ്ടും ജനവിധി തേടിയേക്കുമെന്നും രാജു എബ്രഹാം വ്യക്തമാക്കി. വീണാ ജോർജിന് എതിരെ ഒരു ആരോപണവും നിലവിലില്ല. സംസ്ഥാനത്ത് ഒരു സർക്കാർ ആശുപത്രിയിൽ ആദ്യമായി ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് ഇപ്പോഴാണ്. വീണ ജോർജിനെ ഏകപക്ഷീയമായി വിജയിപ്പിക്കണം. ഇക്കാര്യത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത് എന്നും ജില്ലാ കമ്മിറ്റിക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.

നിലവിലുള്ള എംഎൽഎമാരെല്ലാം സ്ഥാനാർത്ഥികളാകാൻ യോഗ്യരാണെന്നും രാജു എബ്രഹാം പറഞ്ഞു. നിലവിൽ മികച്ച പ്രകടനമാണ് ഇതുവരെയുള്ള എംഎൽഎമാർ കാഴ്ചവെച്ചത്. യുഡിഎഫിന്റെ ഭരണകാലത്ത് ജില്ല വട്ടപ്പൂജ്യമായിരുന്നു. 10,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഇതുവരെ സിപിഐഎമ്മിന്റെ എംഎൽഎമാർ നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: raju abraham strong on action against a padmakumar, completely disassosiates from him

dot image
To advertise here,contact us
dot image