

മുംബൈ: ഇരുപത് വർഷത്തെ പിണക്കം അവസാനിപ്പിച്ച് ശിവസേനയുമായി കൈകൊടുത്ത രാജ് താക്കറെ സേന ഭവനിൽ എത്തി. സഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കാനാണ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും ഉദ്ധവ് താക്കറെയുടെ അർധസഹോദരനുമായ രാജ് താക്കറെ സേന ഭവനിലെത്തിയത്. നീണ്ടകാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയത് പോലെ എന്നാണ് ഈ സന്ദർഭത്തെ രാജ് താക്കറെ വിശേഷിപ്പിച്ചത്. കൂടാതെ സേന ഭവനുമായി ബന്ധപ്പെട്ടുള്ള പഴയ കാല ഓർമകളും അദ്ദേഹം ഓർത്തെടുത്തു.
15 വാഗ്‌ദാനങ്ങളാണ് പ്രധാനമായും സഖ്യം മുൻപോട്ടുവെക്കുന്നത്. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകൾക്ക് മാസം 1500 രൂപ എന്നതാണ് അതിൽ പ്രധാനം. ഇത് കൂടാതെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും, ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും എന്നിവയെല്ലാമാണ് പ്രധാനപ്പെട്ട വാഗ്‌ദാനങ്ങൾ. കൂടാതെ പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും വെറും 10 രൂപയ്ക്ക് ലഭ്യമാക്കുന്ന 'മാ സാഹേബ്' അടുക്കളയും സ്ഥാപിക്കും. നികുതി പരിഷ്കരണം, പാർക്കിംഗ് സ്ഥലങ്ങളുടെ ക്രമീകരണം, ബസ് നിരക്ക് പത്തിൽ നിന്ന് അഞ്ചാക്കുക തുടങ്ങിയ വാഗ്‌ദാനങ്ങളും സഖ്യം നൽകുന്നുണ്ട്.
പ്രകടനപത്രികയുടെ പ്രകാശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും ബിജെപിക്കെതിരെ ആഞ്ഞടിക്കുകയാണ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം ഇല്ലാതായി എന്നും വോട്ട് ചോരിക്ക് പിന്നാലെ ബിജെപി സ്ഥാനാർത്ഥികളെ വിലയ്ക്ക് വാങ്ങാൻ തുടങ്ങിയെന്നും ഇരുവരും വിമർശിച്ചു.
ഡിസംബർ 24നാണ് ഇരുപത് വർഷത്തെ പിണക്കം മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചത്. ജനുവരി 15ന് നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഇരുവരും ഒരുമിച്ചാണ് മത്സരിക്കുക. 2024 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് താക്കറെ സഹോദരന്മാരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത്. മഹാ വികാസ് അഘാടി സഖ്യത്തിന് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പിന്നാലെ അർധസഹോദരന്മാർ തമ്മിൽ പലതവണ ചർച്ചകൾ നടന്നിരുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഇരുവരെയും സംബന്ധിച്ച് വളരെ നിർണായകമാണ്. പൗരപ്രമുഖർ അടക്കമുള്ളവർ താമസിക്കുന്ന മുംബൈ നഗരമേഖലയിൽ ഇരുവർക്കുമുള്ള സ്വാധീനം എത്രയെന്ന് നിർണയിക്കുന്നതായിരിക്കും ഈ പോരാട്ടം. മറാത്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരിക്കും തങ്ങളുടെ നിലപാട് എന്ന് ഇരുവരും അറിയിച്ചുകഴിഞ്ഞു.
Content Highlights: Raj Thackeray returned to Sena Bhavan after 20 years and released his party’s manifesto. The event marks a significant political comeback, with the manifesto outlining his agenda and future plans for the party