'ആശങ്കയുണ്ടാക്കുന്നു, വെനസ്വേലയിലെ ജനങ്ങൾക്ക് സമാധാനമുണ്ടാകണം'; അമേരിക്കൻ അധിനിവേശത്തിൽ പ്രതികരിച്ച് കേന്ദ്രം

കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടികളാണ് വെനസ്വേലയില്‍ നിന്ന് വരുന്നതെന്ന് വിദേശകാര്യമന്ത്രാലയം

'ആശങ്കയുണ്ടാക്കുന്നു, വെനസ്വേലയിലെ ജനങ്ങൾക്ക് സമാധാനമുണ്ടാകണം'; അമേരിക്കൻ അധിനിവേശത്തിൽ പ്രതികരിച്ച് കേന്ദ്രം
dot image

ന്യൂഡല്‍ഹി: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ കിലിയ ഫ്‌ളോറസിനെയും അമേരിക്ക ബന്ദിയാക്കിയതില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. കടുത്ത ആശങ്കയുണ്ടാക്കുന്ന നടപടികളാണ് വെനസ്വേലയില്‍ നിന്ന് വരുന്നതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

'വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ച് പറയുന്നു. മേഖലയില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ സമാധാനവും സ്ഥിരതയും ഉറപ്പ് വരുത്തണമെന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു', പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യക്കാരുമായി കാരക്കസിലെ ഇന്ത്യന്‍ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം ഉറപ്പ് നല്‍കി.

അതേസമയം വെനസ്വേലയില്‍ വൈസ് പ്രസിഡന്റ് സെല്‍സി റോഡ്രിഗസിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല. വെനസ്വേലന്‍ സുപ്രീംകോടതിയുടെ ഭരണഘടന ചേംബര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. വെനസ്വേലന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 233, 234 പ്രകാരം പ്രസിഡന്റിന്റെ ആഭാവത്തില്‍ പകരം ചുമതല വൈസ് പ്രസിഡന്റിനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ധനകാര്യ, എണ്ണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ഡെല്‍സി റോഡ്രിഗസായിരുന്നു.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സാണ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് നടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. മഡുറോയെ ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

അമേരിക്കയുടെ നടപടിക്കെതിരെ റഷ്യയും ഇറാനുമടക്കമുള്ള രാജ്യങ്ങള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. വെനസ്വേലയ്ക്കെതിരായ അമേരിക്കന്‍ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. വിഷയത്തില്‍ അടിയന്തര അന്താരാഷ്ട്ര പ്രതികരണം ആവശ്യമെന്നായിരുന്നു ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ പറഞ്ഞത്.

Content Highlights: central government expressed concern US intervention in Venezuela and the reported hostage situation involving President Nicolas Maduro

dot image
To advertise here,contact us
dot image