

പുഞ്ചിരിക്കുക എന്നത് മനുഷ്യന് മാത്രമുള്ള കഴിവാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. സന്തോഷം വരുമ്പോള്‍ മാത്രമല്ല, അത്ര കംഫര്‍ട്ടല്ലാത്ത സമയങ്ങളിലും മര്യാദയുടെ ഭാഗമായി പുഞ്ചിരി ഉപയോഗിക്കുന്നവരുണ്ട്. ചിലരൊക്കെ പുഞ്ചിരി കൊണ്ട് മുഖംമൂടി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ അവരുടെ വികാരങ്ങള്‍ മറച്ചുപിടിക്കുന്നത് ഒരു പുഞ്ചിരികൊണ്ടാകും. എല്ലാ കാപട്യം നിറഞ്ഞ ചിരിയും മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നവ ആയിരിക്കില്ല. ചിലപ്പോഴത് ഒരു രക്ഷപ്പെടല്‍ ആയിരിക്കും. തന്റെ അവസ്ഥ എന്താണെന്ന് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കാന്‍ അല്ലെങ്കില്‍ അത്തരം വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതല്ലെന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ടാണ് ചിരി ഒരു മറയായി ഉപയോഗിക്കുന്നത്.
ആത്മാര്‍ത്ഥമായ ചിരിയാണെങ്കില്‍ അതൊരു ഒഴുക്കിലങ്ങ് ഉണ്ടാകും. എന്നാല്‍ കാപട്യം നിറഞ്ഞ ചിരിയാണെങ്കില്‍ അതില്‍ ഏച്ചുകൂട്ടലുണ്ടാകും. കാണുമ്പോള്‍ കുഴപ്പമില്ലെന്ന് ആദ്യം തോന്നുമെങ്കിലും ഒരു പുഞ്ചിരിയുണ്ടാക്കുന്ന ഇഫക്ട് ഇത്തരം ചിരികള്‍ക്ക് ഉണ്ടാകില്ല. കണ്ണുകളിലും അത്തരം ചിരികള്‍ പ്രതിഫലിക്കില്ല. പുഞ്ചിരി യഥാര്‍ത്ഥമാണെങ്കില്‍ ചുണ്ടുകളിലെ മാറ്റത്തിനൊപ്പം കണ്ണുകളിലും ഒരു മൃദുത്വമുണ്ടാകും. കണ്ണുകള്‍ ചെറുതായി ചുരുങ്ങും കണ്ണിന് താഴെ ചുളിവുകള്‍ പോലെ കാണപ്പെടുകയും ചെയ്യും. ഇനി നിങ്ങളുടെ ചിരി വെറുതെ ഒരു അഭിനയമാണ് എങ്കില്‍ കണ്ണുകള്‍ അതേപടി നില്‍ക്കും. ചുണ്ടുകളിലെ ചിരി കണ്ണുകളില്‍ പ്രതിഫലിക്കില്ല.

ചിരി ഉണ്ടാകുന്ന ടൈമിങും ശ്രദ്ധിക്കാം. കാപട്യം നിറഞ്ഞ ചിരി ഉണ്ടാകുന്നത് അങ്ങനെ പ്രതികരിക്കാന്‍ വേണ്ടി അത് ചെയ്യുമ്പോള്‍, ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പുള്ളപ്പോള്‍, ചിരിച്ചേ മതിയാകൂ എന്ന സാഹചര്യം ഉണ്ടാകുമ്പോഴൊക്കെയാണ്. റിഫ്‌ളക്‌സ് പോലെ തോന്നും ഇത്തരം പുഞ്ചിരികള്‍. മാത്രമല്ല ആ സമയം കഴിയുമ്പോള്‍ ആ ചിരിയും അപ്പോള്‍ തന്നെ അപ്രത്യക്ഷമാകും. എന്നാല്‍ സാധാരണ ഉണ്ടായ ഒരു ചിരിയാണെങ്കില്‍ അവ കുറച്ച് സെക്കന്റുകള്‍ നീണ്ടു നില്‍ക്കും. പതിയെ അത് ഇല്ലാതാകൂ. വ്യാജമായ ചിരിയാണെങ്കില്‍ അതിനൊപ്പമൊരു ടെന്‍ഷനുമുണ്ടാകും. പതിയെ ഉയര്‍ന്നു വരേണ്ട ചുണ്ടുകള്‍ക്ക് പകരം ഇവ ഇരുവശത്തേക്കും വലിഞ്ഞിരിക്കുന്നതായി തോന്നും. താടിയും ടൈറ്റായി തോന്നാം.
സന്തോഷം നിറഞ്ഞ യഥാര്‍ത്ഥ പുഞ്ചിരിയില്‍ സമാധാനം നിറഞ്ഞിരിക്കും. അവ ചെറുതായാലും പെട്ടെന്ന് അവസാനിക്കുന്നതായാലും. ചിരി ശരീരത്തിലും മാറ്റങ്ങളുണ്ടാകും. കാപട്യം നിറഞ്ഞ ചിരിയാണെങ്കില്‍ മുഖം ചിരിച്ചാലും പലരും കൈകെട്ടിയും, അനങ്ങാതെ എവിടെയെങ്കിലും ചാരി നില്‍ക്കുന്ന നിലയിലുമാകും. എന്നാല്‍ യഥാര്‍ത്ഥ ചിരി ശരീരത്തിലും പ്രതിഫലിക്കും. ചിരിക്കുമ്പോഴുള്ള എക്‌സ്പ്രഷനും ശബ്ദവുമായി മാച്ചാവാത്തതും കാപട്യം നിറഞ്ഞ ചിരി മനസിലാക്കാനുള്ള അടയാളങ്ങളിലൊന്നാണ്.
Content Highlights: This report explains how to identify the difference between a fake smile and a real smile using clear facial and emotional cues