

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോ ഇന്ത്യയിലെ നിക്ഷേപ സാന്നിധ്യം ശക്തമാക്കുന്നു. പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) ആന്ധ്രപ്രദേശിലെ പുതിയ റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയത്തിൽ 20 ശതമാനം ഓഹരി സ്വന്തമാക്കാൻ അരാംകോ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 11 ബില്യൺ ഡോളർ (ഏകദേശം 96,000 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ഗ്രീൻഫീൽഡ് പദ്ധതി ആന്ധ്രയിലെ രാമയപട്ടണം തുറമുഖത്തിനടുത്താണ് സ്ഥാപിക്കുന്നത്.
ബിപിസിഎൽ മുതിർന്ന ഉദ്യോഗസ്ഥൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞതനുസരിച്ച് പദ്ധതിയിലെ 30-40 ശതമാനം ഓഹരി വിറ്റഴിക്കാനാണ് ബിപിസിഎൽ പദ്ധതിയിടുന്നത്. ഇതിൽ 20 ശതമാനം സൗദി അരാംകോയ്ക്കും, ഏകദേശം 10 ശതമാനം ഓയിൽ ഇന്ത്യ ലിമിറ്റഡിനും 4-5 ശതമാനം താൽപര്യമുള്ള ബാങ്കുകൾക്കും നൽകാനാണ് ആലോചന. പദ്ധതിയുടെ റിഫൈനിങ് ശേഷി ദിവസം 180000 മുതൽ 240000 ബാരൽ വരെയായിരിക്കും.
ഈ വർഷം ആദ്യം ആന്ധ്രപ്രദേശ് സർക്കാർ പദ്ധതിക്കായി 6000 ഏക്കർ ഭൂമി അനുവദിച്ചിരുന്നു. 2029 ജനുവരിയോടെ വാണിജ്യ ഉൽപാദനം ആരംഭിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ ഇന്ധന-പെട്രോകെമിക്കൽ ഡിമാൻഡ് കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതി എന്നതും ശ്രദ്ധേയമാണ്.
സൗദി അറേബ്യയ്ക്ക് ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായ ഇന്ത്യയിൽ ദീർഘകാല ക്രൂഡ് വിൽപന ഉറപ്പാക്കാനും ഇന്ത്യയ്ക്ക് നിക്ഷേപവും സാങ്കേതികവിദ്യയും ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായകമാകും. ഇന്ത്യ ഇപ്പോൾ ചൈനയെ മറികടന്ന് ആഗോള എണ്ണ ഡിമാൻഡ് വളർച്ചയുടെ ഏറ്റവും വലിയ ഇടപാടുകാരുമാണ്. അരാംകോ ഗുജറാത്തിലെ ഒഎൻജിസി പദ്ധതിയിലും നിക്ഷേപ ചർച്ചകൾ നടത്തുന്നുണ്ട്.
നിലവിൽ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഇന്ത്യയിൽ മൂന്ന് റിഫൈനറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കമ്പനിയും മറ്റ് ഇന്ത്യൻ റിഫൈനർമാരും രാജ്യത്ത് വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി ക്രൂഡ് പ്രോസസിങ് ശേഷിയും പെട്രോകെമിക്കൽസ് ഉൽപാദനവും വർധിപ്പിക്കാൻ വലിയ ശ്രമവും നടത്തുകയാണ്.
സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ വരും വർഷങ്ങളിൽ ആഗോള ഡിമാൻഡ് വളർച്ചയെ നയിക്കാനിരിക്കുന്ന ഏഷ്യയിലെ പ്രധാന വിപണികളിൽ തങ്ങളുടെ ക്രൂഡിന്റെ ദീർഘകാല ടേം വിൽപന ഉറപ്പാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യയിലെ രണ്ട് പദ്ധതി റിഫൈനറികളിൽ നിക്ഷേപിക്കാൻ അരാംകോ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
'സൗദി അരാംകോ തെക്കേ ഇന്ത്യയിലെ ബിപിസിഎൽ റിഫൈനിങ്-പെട്രോകെമിക്കൽ സമുച്ചയത്തിൽ ഓഹരി വാങ്ങാൻ ചർച്ച നടത്തുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള ഗുജറാത്തിലെ പദ്ധതി റിഫൈനറിക്കായി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് (ഒഎൻജിസി)യുമായി പ്രത്യേക ചർച്ചകളും നടക്കുന്നുണ്ട്' എന്നായിരുന്നു റോയിട്ടേഴ്സ് റിപ്പോർട്ട്.