

ബെംഗളൂരു: എട്ടുമാസം പ്രായമുളള കുഞ്ഞിനെ ബലികൊടുക്കാന്‍ നീക്കം. ബെംഗളൂരുവിലെ ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി അകറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു കുഞ്ഞിനെ ബലികൊടുക്കാന്‍ നീക്കം നടത്തിയത്. വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെയാണ് ബലി കൊടുക്കാന്‍ ശ്രമിച്ചത്. പൗര്‍ണമി നാളായ ഇന്നലെ ബലി കൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ സമീപവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനെ വിവരമറിയിച്ചതോടെ കുട്ടിയെ രക്ഷിക്കാനായി. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട്ടില്‍ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്‍ എന്നയാളുടെ വീട്ടിലായിരുന്നു കുഞ്ഞിനെ ബലികൊടുക്കാന്‍ ശ്രമമുണ്ടായത്.
വീടിനുളളിലെ ഒരു മുറിയില്‍ ബലി നടത്താനുളള തയ്യാറെടുപ്പുകള്‍ നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുറിയില്‍ കുഞ്ഞിന്റെ ശരീരം കുഴിച്ചിടാന്‍ പാകത്തിനുളള കുഴിയെടുത്ത നിലയിലാണുളളത്. മതപരമായ വസ്തുക്കളും മുറിയിൽ ഉണ്ടായിരുന്നു. പൗര്‍ണമി ദിനത്തില്‍ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനിലേക്ക് അജ്ഞാത ഫോണ്‍ കോള്‍ വരികയും സുളിബലെയിലെ ഒരു വീട്ടിൽ ശിശു ബലി നടക്കുന്നതായി സംശയിക്കുന്നുവെന്ന് പറയുകയുമായിരുന്നു. ഉടന്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് എട്ടുമാസം പ്രായമുളള ആണ്‍കുട്ടിയെ കണ്ടെത്തിയത്.
എട്ടുമാസം മുന്‍പ് തന്നെ കുഞ്ഞിനെ ബലി കൊടുക്കാനായി പണം കൊടുത്ത് വാങ്ങിയിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഏറ്റെടുത്ത് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. സുളിബെലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: Move to sacrifice 8 month-old baby Boy to bring wealth; baby rescued by cwc