

ഭോപ്പാല്‍: ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ത്വാരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കലര്‍ന്ന ചുമമരുന്ന് കഴിച്ച് 20-ഓളം കുട്ടികള്‍ മരിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടോയ്ലറ്റ് വൃത്തിയാക്കുന്നതിനിടെ ഒരു വനിതാ ശുചീകരണ തൊഴിലാളിയാണ് എന്തോ തടയുന്നത് ശ്രദ്ധിച്ചത്. പ്ലംബ്ബിങ് സംബന്ധിച്ച പ്രശ്നമാണെന്ന് കരുതി പരിശോധിച്ചപ്പോഴാണ് ഒരു ചെറിയ കൈ ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരെ വിവരമറിയിക്കുകയും നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ക്ലോസറ്റ് പൊളിച്ചാണ് പെൺ കുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്.
ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. ശ്വാസകോശത്തിലുണ്ടായ നീര്‍വീക്കവും ദ്രാവകം അടിഞ്ഞുകൂടിയതും മൂലമാണ് നവജാതശിശു മരിച്ചതെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ തിങ്കളാഴ്ച 15 ഗര്‍ഭിണികള്‍ പ്രസവപൂര്‍വ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിതായി കണ്ടെത്തി.
ഇതില്‍ ഒരാളെക്കുറിച്ച് അപൂര്‍ണ്ണമായ വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇവര്‍ ടോയ്ലറ്റിനുള്ളില്‍ കുഞ്ഞിനെ പ്രസവിച്ചിരിക്കാമെന്നും നവജാതശിശുവിനെ ഫ്‌ളഷ് ചെയ്ത് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള 26 സിസിടിവി ക്യാമറകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
Content Highlights: Newborn girls body found in toilet commode in madhya pradesh hospital