

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാക്ക് ചെയ്തത് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളെയല്ലെന്നും ജനങ്ങളുടെ മനസിനെയാണെന്നും നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ലോക്സഭയിൽ എസ്ഐആറിന്മേൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു കങ്കണയുടെ പരാമർശം.
വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിയെ കങ്കണ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഒരു വർഷത്തിലേറെയായി പാർലമെന്റിനകത്തും പുറത്തും രാഹുൽ ഉയർത്തുന്ന ഈ ആരോപണത്തെ തങ്ങൾ തള്ളിക്കളയുകയാണെന്ന് കങ്കണ പറഞ്ഞു.
ഹരിയാനയിലെ വോട്ടർ പട്ടികയിൽ പ്രത്യക്ഷപ്പെട്ട ബ്രസീലിയൻ യുവതിയോട് കങ്കണ മാപ്പ് പറയുകയും ചെയ്തു. ഒരു സ്ത്രീ എന്ന നിലയിൽ, അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട്. ഒരു തെളിവും ഇല്ലാതെയാണ് യുവതിയുടെ ചിത്രം അവർ പുറത്തുവിട്ടത്. താൻ അവരോട് മാപ്പ് ചോദിക്കുകയാണെന്നും കങ്കണ പറഞ്ഞു.
അതേസമയം, വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയിൽ രാഹുൽ ഗാന്ധിയും അമിത് ഷായും തമ്മിൽ ഇന്ന് കനത്ത വാക്‌പോര് ഉണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്ഐആര്‍ നടന്നതെന്നും അമിത് ഷാ പറഞ്ഞു. മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് സർക്കാർ പൂര്‍ണ്ണ പരിരക്ഷ നല്‍കി എന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്‌പോരാണ് നടന്നത്.
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങളെ കടന്നാക്രമിക്കുകയാണ് അമിത് ഷാ ചെയ്തത്. വോട്ടര്‍ പട്ടികയിലെ പുതുക്കലുകള്‍ സുതാര്യമായ തെരഞ്ഞെടുപ്പിന് അനിവാര്യമെന്ന് അമിത്ഷാ വാദിച്ചു. അനധികൃതമായി വോട്ടര്‍ പട്ടികയില്‍ കയറിയവരെ പുറത്താക്കുക തന്നെ വേണം. വിദേശികള്‍ക്ക് ഉള്ളതല്ല രാജ്യത്തെ തെരഞ്ഞെടുപ്പ്. ഹരിയാനയിൽ ഉണ്ടായത് വോട്ടര്‍ പട്ടികയിലെ സാങ്കേതിക പിഴവ് മാത്രമാണെന്നും വോട്ട് ചോരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
പിന്നാലെ അമിത് ഷായ്ക്ക് മറുപടിയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ എന്തിന് പൂര്‍ണ്ണ പരിരക്ഷ നല്‍കി എന്ന് വ്യക്തമാക്കണമെന്നും ഹരിയാനയിലെ വോട്ട് തട്ടിപ്പില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ടെന്നും രാഹുൽ പറഞ്ഞു. തുടർന്ന് തന്നോടൊപ്പം ഒരു സംയുക്ത വാര്‍ത്താ സമ്മേളനവും പരസ്യസംവാദവും നടത്താൻ അമിത് ഷായെ രാഹുൽ വെല്ലുവിളിച്ചു.
ഇതിനോട് ക്ഷുഭിതനായാണ് അമിത് ഷാ പ്രതികരിച്ചത്. താന്‍ എന്ത് പറയണമെന്ന് രാഹുല്‍ ഗാന്ധിയല്ല തീരുമാനിക്കേണ്ടതെന്നും താൻ പറയുന്നത് കേൾക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും അമിത് ഷാ പറഞ്ഞു. പിന്നാലെ ആദ്യമായി വോട്ട് ചോരി നടത്തിയത് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടു എന്നും അമിത് ഷാ പറഞ്ഞു. ഇതിനെതിരെ കെ സി വേണുഗോപാൽ രംഗത്തുവന്നു. ഈ കേസ് തള്ളിയതാണെന്നും സോണിയ ഗാന്ധി തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തു എന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു എന്നും കെ സി വേണുഗോപാൽ അമിത് ഷായ്ക്ക് മറുപടി നൽകി.
Content Highlights: Kangana Ranaut says pm modi hacked peoples mind, not evm's