

ന്യൂ ഡൽഹി: ഗോവയിലെ നിശാക്ലബ് തീപിടിത്തത്തിൽ ഉടമകളായ ലുത്ര സഹോദരന്മാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരും രക്ഷപ്പെട്ടത് സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. നിശാക്ലബിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇരുവരും തായ്‌ലൻഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നും പിന്നാലെ രാജ്യംവിട്ടുവെന്നുമാണ് കണ്ടെത്തൽ.
ക്ലബ്ബിലെ തീ അണയ്ക്കാനായി ഫയർഫോഴ്സും മറ്റ് സംവിധാനങ്ങളും കഷ്ടപ്പെടുമ്പോഴായിരുന്നു ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടത്. പുലർച്ചെ 1:17ന് ഇരുവരും മേക്ക് മൈ ട്രിപ്പ് എന്ന പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്തിരുന്നു. പിന്നാലെ പുലർച്ചെ അഞ്ചരയ്ക്കുളള വിമാനത്തിൽ ഇരുവരും രാജ്യം വിട്ടു.
ഇരുവരുടെയും മുൻകൂർ ജാമ്യഹർജി ഇന്ന് ഡൽഹി രോഹിണി കോടതി പരിഗണിച്ചിരുന്നു. തങ്ങൾ രക്ഷപ്പെട്ടതല്ല എന്നും മുൻകൂട്ടി തീരുമാനിച്ച ബിസിനസ് ട്രിപ്പിലാണ് എന്നുമാണ് ലുത്ര സഹോദരന്മാരുടെ വിശദീകരണം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകുന്നതിനെ ഗോവ പൊലീസ് ശക്തമായി എതിർത്തിരുന്നു.
അതേസമയം, നിശാക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ഇന്ന് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഡൽഹിയിൽ നിന്ന് പിടികൂടിയ അജയ് ഗുപ്തയെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഗോവയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
ഡിസംബർ ആറ് ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു നിശാക്ലബിൽ തീപിടുത്തമുണ്ടായത്. 25 പേരാണ് മരിച്ചത്. അനുവാദമില്ലാതെ പണിതതിനെ തുടര്‍ന്ന് ക്ലബ് പൊളിക്കണമെന്ന് കാണിച്ച് പഞ്ചായത്തില്‍ നിന്നും നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതര്‍ തന്നെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സര്‍പഞ്ചിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി നിരവധിയാളുകള്‍ എത്തിയിരുന്നു. തീപിടിത്തത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനും ഗവണ്‍മെന്റിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: details of how luthra brothers managed to escape to thailand