ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ജനനം മുതൽ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് കുടുംബം

ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
dot image

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

കുഞ്ഞിനെ മാതാപിതാക്കൾ അവർക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയിൽ അബദ്ധത്തിൽ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പൊലീസും അറിയിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ ജനനം മുതൽ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽവെച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

Content Highlights: 26 days old baby dies after accidentally being crushed between sleeping parents

dot image
To advertise here,contact us
dot image