

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. മുല്ലൻപൂരില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ വമ്പൻ വിജയം നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. പരിക്കുമാറി ടി20 ടീമിൽ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മൻ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ ഗിൽ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്.
ആദ്യ മത്സരത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ അർധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പരിക്കുമൂലം രണ്ടരമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ അർധ സെഞ്ച്വറി നേടിയാണ് ഹാർദിക് ആഘോഷമാക്കിയത്. 28 പന്തിൽ പുറത്താകാതെ 59 റൺസും ഒരു വിക്കറ്റും നേടിയ ഹാർദിക്കിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.
Content Highlights: India vs South Africa second t20 match Tomorrow