'കാറ്റിലും കോളിലും ആടിയുലയാത്ത ബന്ധം' ! ഇന്ത്യയും റഷ്യയും വിശ്വസ്ത സുഹൃത്തുക്കളായതെങ്ങനെ ?

ഇന്ത്യയും റഷ്യയും കാലങ്ങളായി അടുത്ത സുഹൃദ് രാജ്യങ്ങൾ ആണ്. പുടിൻ വന്നതിനു ശേഷം കാര്യങ്ങൾ എങ്ങനെ ആയിരുന്നു ? ഇന്ന് എത്രത്തോളം ദൃഢമാണ് ആ ബന്ധം ?

'കാറ്റിലും കോളിലും ആടിയുലയാത്ത ബന്ധം' ! ഇന്ത്യയും റഷ്യയും വിശ്വസ്ത സുഹൃത്തുക്കളായതെങ്ങനെ ?
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|10 Dec 2025, 03:02 pm
dot image

ലോക പ്രശസ്ത മാധ്യമങ്ങൾ ആയ ടൈമും ഫോർബ്‌സും ലോകത്തെ ഏറ്റവും ശക്തനായ നേതാവെന്ന് വിളിച്ച വ്യക്തി…കഴിഞ്ഞ 25 വർഷക്കാലമായി റഷ്യ എന്ന രാജ്യത്തെ തന്റെ നേതൃത്വത്തിൽ മുന്നോട്ട് നയിക്കുന്ന വ്യക്തി…വ്ലാദിമിർ പുടിൻ…റഷ്യക്കാർക്കിടയിൽ വീരനായകനായ പുടിൻ ഇന്ത്യയിൽ എത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ തീരുമാനം എടുത്തതോടെ പണ്ടേതാക്കൾ കൂടുതൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഢമായെന്ന് തന്നെ ഉറപ്പിക്കാം.

Modi and Putin in Aurus Senate

യുക്രൈനിലെ റഷ്യയുടെ അധിനിവേശം തുടങ്ങി മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും, പല വിശകലന വിദഗ്ധർ സമ്മതിച്ചു തരുന്നില്ലെങ്കിലും ഇന്ന് റഷ്യക്ക് കൂടുതൽ സുഹൃത്തുക്കൾ ഉണ്ട്. ഇറാനുമായുള്ള റഷ്യയുടെ പങ്കാളിത്തം, യുക്രൈൻ യുദ്ധമേഖലയിലേക്ക് ഉത്തരകൊറിയയുടെ സൈന്യത്തെ കൊണ്ടുവന്നത്, ചൈനയിൽ നിന്നുള്ള നിരന്തരമായ സാമ്പത്തിക സഹായം എന്നിവയെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ബന്ധങ്ങൾ ആയിരുന്നു. എന്നാൽ ചർച്ചകളിൽ ഇല്ലാതിരുന്ന ഇന്ത്യ-റഷ്യ ബന്ധം ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. അപ്പോൾ ഉയരുന്ന ചോദ്യം.

എങ്ങനെ ആയിരുന്നു ഈ ബന്ധത്തിന്റെ തുടക്കം ? ഇന്ത്യയും റഷ്യയും വിശ്വസ്തരായ സുഹൃത്തുക്കൾ ആയതെങ്ങനെ ?

Russia India ties

സോവിയറ്റ് കാലം മുതൽ തന്നെ ഇന്ത്യയുമായി റഷ്യക്ക് അടുത്ത ബന്ധമുണ്ട്. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, 1947 ഏപ്രിലിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം റഷ്യയ്ക്ക് മറ്റ് പ്രധാന പങ്കാളികളുമായുള്ള ബന്ധത്തേക്കാൾ ഒരുപാട് കാലം മുമ്പുള്ളതും ആഴമേറിയതുമായ ബന്ധമാണ്. സൈനിക ബന്ധങ്ങളും മൊത്തത്തിലുള്ള സാമ്പത്തിക നയങ്ങളും ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഐക്യത്തെ കൂടുതൽ ശക്തിപ്പെടുത്തിയിരുന്നു. പരമ്പരാഗതമായി, ഇന്ത്യ-റഷ്യൻ തന്ത്രപരമായ പങ്കാളിത്തം അഞ്ച് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: രാഷ്ട്രീയം, പ്രതിരോധം, സിവിൽ ആണവോർജം, തീവ്രവാദ വിരുദ്ധ സഹകരണം, ബഹിരാകാശ യാത്രയുടെ പുരോഗതിയും പര്യവേക്ഷണം

റഷ്യൻ പ്രതിരോധ വ്യവസായത്തിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ . 2017 ൽ, ഇന്ത്യൻ സൈന്യത്തിന്റെ ഹാർഡ്‌വെയർ ഇറക്കുമതിയുടെ ഏകദേശം 68% റഷ്യയിൽ നിന്നാണ് വന്നത്, ഇത് റഷ്യയെ പ്രതിരോധ ഉപകരണങ്ങളുടെ മുഖ്യ വിതരണക്കാരാക്കി. 2014 ലെ ബിബിസി വേൾഡ് സർവീസ് പോൾ പ്രകാരം , 85% റഷ്യക്കാരും ഇന്ത്യയെ സുഹൃത്ത് രാജ്യമായിട്ടാണ് കാണുന്നു, 9% പേർ മാത്രമാണ് നെഗറ്റീവ് വീക്ഷണം പ്രകടിപ്പിക്കുന്നത്. ശത്രു മനോഭാവത്തോടെ ഇന്ത്യയെ കണ്ടിരുന്നവർ ചുരുക്കമാണെമെന്ന് അതിൽ നിന്നും മനസിലാക്കാം.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന രാഷ്ട്രീയ സംരംഭം 2000-ൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. 2012 നും 2016 നും ഇടയിൽ, ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയുടെ 68% റഷ്യയാണ് വഹിക്കുന്നത്. നാവിക യുദ്ധക്കപ്പലുകൾ , KA-226T ഇരട്ട എഞ്ചിൻ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ, ബ്രഹ്മോസ് ക്രൂയിസ് മിസൈൽ എന്നിവയുടെ നിർമ്മാണത്തിനുള്ള കരാറുകളിൽ ഒപ്പുവച്ചുകൊണ്ട് ഇന്ത്യയും റഷ്യയും അവരുടെ മെയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ നിർമ്മാണ സഹകരണം കൂടുതൽ ശക്തമാക്കിയതും നാം കണ്ടു. 2013–17 ലും 2018–22 ലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ വിതരണം ചെയ്തത് റഷ്യയായിരുന്നു. ഇത് കൂടാതെ ഇന്ത്യയുമായി വാർഷിക മന്ത്രിതല പ്രതിരോധ അവലോകനങ്ങൾക്കുള്ള സംവിധാനം നിലവിലുള്ള ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ ഒന്നാണ് റഷ്യ.

പുടിന്റെ വരവ് എങ്ങനെയായിരുന്നു ?

Putin speech

1999 ൽ റഷ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് മുതൽ ആണ് പുടിന്റെ റഷ്യൻ ഭരണയുഗം ആരംഭിക്കുന്നത്. 1999 ൽ അന്നത്തെ റഷ്യൻ പ്രസിഡന്‍റ് ബോറിസ് യെൽസിൻ ജനങ്ങൾക്ക് അപ്രിയനായി മാറിയ കാലം തൊട്ട് പിന്നീടങ്ങോട്ട് പുടിന്റെ വാഴ്ചയായിരുന്നു. 2000 മാർച്ച് 26നു റഷ്യയുടെ പ്രസിഡന്‍റ് ആയി നിയമിതനായ പുടിൻ 2004ലെ തെരഞ്ഞെടുപ്പിലും വിജയിച്ചതോടെ പുട്ടിന്റെ ഭരണകാലം 2008 വരെ നീണ്ടു നിന്നു. റഷ്യൻ പ്രസിഡന്റിന് രണ്ട് ടേമിൽ കൂടുതൽ അതേ പദവിയിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് 2012 ൽ പുടിന് അന്ന് അധികാരം വിട്ടൊഴിയേണ്ടിയും വന്നു. പിന്നീട് 2016 ൽ അധികാരം വീണ്ടെടുത്ത പുടിൻ ഇന്നും റഷ്യ അടക്കി വാഴുകയാണ്. ജനാധിപത്യത്തിൽ നിന്ന് മെല്ലെ ഏകാധിപത്യത്തിലേക്ക് നീങ്ങിയ പുടിന്റെ ആരെയും കൂസാത്ത സ്വഭാവവും ചർച്ച ചെയ്യപ്പെട്ടു. അങ്ങനെ റഷ്യയിലെ സമ്പന്ന വിഭാഗങ്ങളെയും പല ഉന്നതന്മാരെയും തന്റെ നിയന്ത്രണത്തിൽ ആക്കാന്‍ മാത്രം സ്വാധീനമുള്ള ഭരണാധികാരിയായി പുടിൻ മാറി.

ഇന്നിപ്പോൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ താരതമ്യേന ഉയർന്ന തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന്റെ ഫലമായാണ് അടുത്തിടെ ഇന്ത്യ റഷ്യ ബന്ധം വീണ്ടും വാർത്തകളിൽ ഇടം നേടിയത്. അടുത്തിടെ അലാസ്കയിൽ നടന്ന ഉഭയകക്ഷി ഉച്ചകോടിയിൽ ചർച്ച ചെയ്ത മൊത്തത്തിലുള്ള യുഎസ്-റഷ്യൻ ബന്ധത്തിലും ഈ വ്യാപാര, താരിഫ് പ്രശ്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുടിന് ഇന്ത്യയോടുള്ള സമീപനവും ഇന്ത്യയോട് അടുക്കാൻ ഉള്ള താത്പര്യങ്ങളെ കുറിച്ചും ഇന്ത്യയിലെ എത്തിയ പുടിൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ഏകദേശം 70 ബില്യൺ ഡോളറായി ഉയർന്നിരുന്നു. 2030 ഓടെ ഇത് 100 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യമിടുകയാണ് എന്നുമാണ് റിപ്പോർട്ട് ഉള്ളത്.

Content Highlights : How does the India-Russia relationship stays strong amidst storms ?

dot image
To advertise here,contact us
dot image