

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തൽ. സംഭാവന നൽകുന്നവർക്കും ക്ഷേത്ര ചടങ്ങുകൾക്കും ഉപയോഗിക്കുന്ന ഷോളുകൾ വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്. സിൽക്ക് ഉത്പന്നം എന്ന പേരിൽ കരാറുകാരൻ നൽകിവന്നിരുന്നത് സാധാരണ പോളിസ്റ്റർ മെറ്റീരിയൽ ആണെന്നാണ് കണ്ടെത്തൽ.
2015 മുതൽ 2025 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാനായ ബി ആ നായിഡുവിന് ഉണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കരാറുകാരൻ സിൽക്ക് തുണികൾ എന്ന് ബില്ലിൽ എഴുതിയ ശേഷം വിലകുറഞ്ഞ പോളിസ്റ്റർ തുണി ഷാളുകൾ നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. 54 കോടി രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഷോളിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര സിൽക്ക് ബോർഡിന്റെയടക്കം ലബോറട്ടറികളിലേക്ക് അയച്ചിരുന്നു. അതിലെല്ലാം ഇവ പോളിസ്റ്റർ ആണെന്ന് തെളിഞ്ഞിരുന്നു. അഴിമതി കണ്ടെത്തിയ കാലയളവിലെല്ലാം ഷോൾ സപ്ലൈ ചെയ്തിരുന്നത് ഒരു സ്ഥാപനവും അതിന്റെ സഹോദര സ്ഥാപനങ്ങളുമായിരുന്നു എന്നും കണ്ടെത്തി.
അഴിമതി കണ്ടെത്തിയതോടെ നിലവിലെ ടെൻഡറുകൾ എല്ലാം ടിടിഡി റദ്ദാക്കിയിട്ടുണ്ട്. വിഷയം സംസ്ഥാന ആന്റി കറപ്‌ഷൻ ബ്യുറോയെ ധരിപ്പിക്കുമെന്നും ഉന്നത അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: shawl scam at tirupati, fake product distributed to TTD