

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ സെമി-ഫൈനൽ സ്ഥാനം ഉറപ്പിക്കാനായി മലപ്പുറവും തിരുവനന്തപുരവും ഏറ്റുമുട്ടുന്നു. ഈ കളിയിൽ വിജയിക്കുന്ന ടീമിനായിരിക്കും കൂടുതൽ മുൻതൂക്കം. അത് കൊണ്ട് തന്നെ ഇരു ടീമുകളും തമ്മിൽ വാശിയേറിയ പോരാട്ടമായിരിക്കും തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. നവംബർ 30 ഞായറാഴ്ച വൈകീട്ട് 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലാണ് മത്സരം.
കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയപ്പോഴെല്ലാം സമനിലയായിരുന്നു മത്സരം അവസാനിച്ചത്. ആദ്യ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു. തിരുവനന്തപുരത്ത് നടന്ന കളി 1-1, പയ്യനാട് നടന്ന കളി 2-2 എന്നിങ്ങനെയായിരുന്നു ഫലം. ഈ സീസണിലെ ആദ്യ പാദവും 1-1 സമനിലയിലാണ് അവസാനിച്ചത്. പക്ഷെ ഇത്തവണ സെമിയിലേക്ക് മുന്നേറണമെങ്കിൽ ഒരു സമനിലയ്ക്കപ്പുറം മലപ്പുറത്തിന് ജയം നിർബന്ധമാണ്.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊമ്പൻസുള്ളത്, മലപ്പുറമാണെങ്കിൽ എട്ട് മത്സരങ്ങളിൽ 10 പോയിന്റോടെ തൊട്ട് പിന്നിൽ നാലാം സ്ഥാനത്താണ്. കാലിക്കറ്റ് എഫ്‌സിയും തൃശൂർ മാജിക്കും ഇതിനകം സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായാണ് മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ എന്നീ ടീമുകൾ പോരാടുന്നത്.
Content Highlights: Malappuram and Thiruvananthapuram clash to secure semi-final spot in Super League Kerala