

ഐപിഎൽ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പിന്നാലെ മറ്റൊരു ഫ്രാഞ്ചൈസി കൂടി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. ലക്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ ജേഷ്ഠ സഹോദരൻ ഹർഷ് ഗോയങ്കയുടെ എക്സ് പോസ്റ്റ് പ്രകാരം രാജസ്ഥാൻ റോയൽസും ഫ്രാഞ്ചൈസി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് പറയുന്നു. യുഎസിൽ നിന്നടക്കം ഐപിഎൽ ടീമുകളെ വാങ്ങാനായി ആളുകൾ രംഗത്തുണ്ടെന്നാണ് ഗോയങ്ക എക്സ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
'ഒന്നല്ല, രണ്ട് ഐപിഎൽ ടീമുകൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്നാണ് ഞാൻ അറിയുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആർസിബി) രാജസ്ഥാൻ റോയൽസും (ആർആർ) ആണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലെ ഉയർന്ന ബ്രാൻഡ് മൂല്യം ഉപയോഗപ്പെടുത്താൻ വിൽപ്പനക്കാരും വാങ്ങാൻ താൽപ്പര്യപ്പെടുന്നവരും ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്. വിൽക്കാനായി രണ്ട് ടീമുകളും വാങ്ങാൻ സാധ്യതയുള്ള നാലോ അഞ്ചോ പേരും രംഗത്തുണ്ട്. ആർക്കായിരിക്കും ഈ ടീമുകളുടെ ഉടമസ്ഥാവകാശം ലഭിക്കുക? പൂനെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരോ അതോ യുഎസ്എയിൽ നിന്നുള്ളവരോ?', ഹർഷ ഗോയങ്ക എക്സിൽ കുറിച്ചു.
ജയ്പൂർ ആസ്ഥാനമായുള്ള രാജസ്ഥാൻ റോയൽസിന്റെ 65% ഓഹരികളും റോയൽസ് സ്പോർട്സ് ഗ്രൂപ്പിന്റെ (എമർജിംഗ് മീഡിയ സ്പോർട്ടിംഗ് ഹോൾഡിംഗ്സ് ലിമിറ്റഡ്) ഉടമസ്ഥതയിലാണ്. ലാക്ലാന്‍ മർഡോക്ക്, റെഡ്ബേർഡ് ക്യാപിറ്റൽ പാർട്ണേഴ്സ് എന്നിവരാണ് ഈ ടീമിലെ മറ്റ് പ്രധാന ഓഹരി ഉടമകൾ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) വിൽക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവംബർ അഞ്ചിന് ഉടമകളായ ഡിയാജിയോ സ്ഥിരീകരിച്ചിരുന്നു. വിൽപ്പനയുടെ നടപടിക്രമങ്ങൾ 2026 മാർച്ച് 31-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദാർ പൂനാവാല അറിയിച്ചു.
Content Highlights: After RCB, Another IPL Franchise Put On Sale