

മുംബൈ: മഹാരാഷ്ട്രയിൽ അമ്മയുടെ സഹോദരനും അയാളുടെ ഭാര്യയും ചേർന്ന് തട്ടിക്കൊണ്ടുപോയി വിറ്റ അഞ്ചു വയസുകാരിയെ രക്ഷപ്പെടുത്തി മുംബൈ പൊലീസ്. 90,000 രൂപയ്ക്കാണ് കുട്ടിയെ സ്വന്തം അമ്മാവൻ ഒരു സംഘത്തിന് വിൽപന നടത്തിയത്. തുടർന്ന് ഈ സംഘം 1,80,000 രൂപയ്ക്ക് കുട്ടിയെ മറിച്ചു വിൽക്കുകയും ചെയ്തു. ഇവരുടെ പക്കൽ നിന്നാണ് സമയോചിതമായ ഇടപെടലിലൂടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സാൻതാക്രൂസ് ഈസ്റ്റിലെ വാകോളയിൽ നിന്നും അർദ്ധരാത്രിയാണ് കുട്ടിയെ അമ്മാവൻ കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പനവേലിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് ട്രാക്കിങ് ആരംഭിച്ചു. പിന്നാലെ പനവേലിൽ കുട്ടിയുണ്ടെന്ന് കണ്ടെത്തി. കുഞ്ഞിന് ചോക്ലേറ്റും ഭക്ഷണവുമൊക്കെ നൽകി പൊലീസുകാർ ആശ്വസിപ്പിച്ചു.
Content Highlight: Uncle kidnapped 5 year old girl and sold her for 90,000 rupees