

ലാഹോര്‍: ഒരു മാസത്തിലേറെയായി തന്നെയും കുടുംബത്തെയും ഇമ്രാന്‍ ഖാനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇളയ മകന്‍ കാസിം ഖാന്‍ രംഗത്ത്. ഇക്കാര്യത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് കാസിം ഖാന്‍ ആവശ്യപ്പെടുന്നത്. മുൻ പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അതിന്റെ പരിണിത ഫലങ്ങള്‍ എന്ത് തന്നെ ആയാലും ഉത്തരവാദി പാകിസ്താന്‍ സര്‍ക്കാര്‍ ആയിരിക്കുമെന്നും കാസിം ഖാന്‍ പറഞ്ഞു.
പിതാവിനെ അറസ്റ്റ് ചെയ്തിട്ട് 845 ദിവസങ്ങള്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കി കാസിം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. 'കഴിഞ്ഞ ആറ് ആഴ്ച്ചയായി അദ്ദേഹത്തെ ഡെത്ത് സെല്ലില്‍ അടച്ചിരിക്കുകയാണ്. പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് അദ്ദേഹം. വ്യക്തമായ കോടതി ഉത്തരവുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ സഹോദരിമാരെ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല. ഫോണ്‍ കോളുകളോ, ഒരു തരത്തിലുള്ള മീറ്റിങുകളോ ഇല്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചോ, സുഖവിവരങ്ങളെക്കുറിച്ചോ യാതൊരു അറിവും ഇല്ല. എനിക്കോ എന്റെ സഹോദരങ്ങള്‍ക്കോ പിതാവിനെ യാതൊരു തരത്തിലും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.' കാസിം ഖാന്‍ തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.
'പിതാവിന്റെ ഒറ്റപ്പെടലിന്‍റെയും അരക്ഷിതാവസ്ഥയുടെയും പൂര്‍ണ ഉത്തരവാദിത്വം പാകിസ്താന്‍ സര്‍ക്കാരിനായിരിക്കും. എന്റെ പിതാവ് നേരിടേണ്ടി വന്ന എല്ലാ മനുഷ്യത്വരഹിതമായ അനുഭവങ്ങളുടെയും നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം പാകിസ്താന്‍ സര്‍ക്കാരും അതിന്റെ മേധാവികളും ഏറ്റെടുക്കണം.' കാസിം ഖാന്‍ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തോടും, ആഗോള മനുഷ്യാവകാശ സംഘടനകളോടും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കാസിം ഖാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇമ്രാന്‍ ഖാന്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനാണെന്നും പിന്നീട് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ച് സഹോദരിമാര്‍ രംഗത്തെത്തിയിരുന്നു. ജയില്‍ അധികൃതരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചും പല തവണ അദ്ദേഹം എഴുതിയിരുന്നതായും സഹോദരിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹോദരിമാർ ജയിൽ പരിസരത്ത് പ്രതിഷേധിച്ചിരുന്നു. ജയില്‍ പരിസരത്ത് വെച്ച് തങ്ങള്‍ക്ക് നേരെ അതിക്രമമുണ്ടായതായും സഹോദരി പറഞ്ഞിരുന്നു. പിന്നീട് ഇമ്രാന്‍ ഖാനെ കാണാന്‍ അനുവദിച്ചതോടെ സഹോദരി മടങ്ങുകയായിരുന്നു. സഹോദരി ഇമ്രാനെ കണ്ടതായി വ്യക്തമാക്കിയതോടെയാണ് അദ്ദേഹം മരിച്ചു എന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇമ്രാനെ കാണാന്‍ അനുവദിക്കാത്തത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍. മുന്‍ പാക് പ്രധാനമന്ത്രി അഡിയാല ജയിലില്‍ 'കൊല്ലപ്പെട്ടു' എന്ന് ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചതായി അഫ്ഗാന്‍ ടൈംസ് എന്ന അക്കൗണ്ടാണ് അവകാശപ്പെട്ടിരുന്നത്. ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നിരുന്നത്.
Content Highlight; Imran Khan’s Son Kasim Breaks Silence Amid Death Rumours