

ആലപ്പുഴ: അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നടപടി. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അശോക ബില്‍ഡ്‌കോണ്‍ എന്ന കമ്പനിക്കെതിരെയാണ് നടപടി. അപകടത്തില്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടക്കാല ദേശീയ പാത അതോറിറ്റിയുടെ ടെണ്ടറുകളില്‍ കമ്പനിക്ക് പങ്കെടുക്കാനാകില്ല. ദേശീയ പാത അതോറിറ്റിയുടേതാണ് നടപടി. വൈകിയെങ്കിലും ആശ്വാസകരമായ വാര്‍ത്തയെന്നും ഇടപെലുകള്‍ തുടരുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
നവംബര്‍ 13ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ പിക്ക് അപ്പ് വാന്‍ ഡ്രൈവറായ രാജേഷ് മരിച്ചത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്.
അപകടം നടന്നതിന് പിന്നാലെ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുരക്ഷ ഒരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നുമായിരുന്നു എഫ്‌ഐആര്‍. അതോടൊപ്പം രാജേഷിന്റെ കുടുംബത്തിന് സിഎംഡിആര്‍എഫ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
Content Highlight; Youth dies after girder falls in Aroor; Contract company blacklisted