

സിഎൻഎൻ ന്യൂസ് 18ന്റെ 15-ാമത് ഇന്ത്യൻ ഓഫ് ദ ഇയർ അവാർഡ് വേദിയിൽ ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനും ബിസിസിഐ മുൻ പ്രസിഡന്റുമായ ജയ് ഷാ. ബിസിസിഐ ചെയർമാനെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്.
വനിത പ്രീമിയർ ലീഗിന്റെ ആരംഭം, പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യവേതനം തുടങ്ങിയവ ജയ് ഷാ ബിസിസിഐ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് നടപ്പിലാക്കിയത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനാണ് ജയ് ഷാ.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് ചാംപ്യൻ ഓഫ് ദ വേൾഡ് പുരസ്കാരവും ലഭിച്ചു. 2025 വനിതാ ഏകദിന ലോകകപ്പ്, 2012, 2016, 2022 ഏഷ്യാ കപ്പ് നേട്ടങ്ങൾ, 2023 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ നേട്ടം എന്നിവ പരിഗണിച്ചാണ് ഹർമൻപ്രീതിന് അവാർഡ് നൽകിയിരിക്കുന്നത്.
വനിതാ ക്രിക്കറ്റിന് നൽകിയ വലിയ സംഭാവനകൾക്ക് ഹർമൻപ്രീത് കൗർ ജയ് ഷായ്ക്ക് നന്ദി അറിയിച്ചു. ഏകദിന ലോകകപ്പ് സ്വന്തമാക്കുകയെന്നത് കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നു. അത് സാധ്യമായിരിക്കുന്നു. അതുപോലെ വനിതാ ക്രിക്കറ്റ് ടീമിന് ജയ് ഷാ നൽകിയ സംഭാവനകൾക്ക് ഞാൻ നന്ദി പറയുന്നു. തുല്യവേതനം, വനിതാ പ്രീമിയർ ലീഗ് തുടങ്ങിയ സംഭാവനകൾ വനിതാ ക്രിക്കറ്റിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഹർമൻപ്രീത് വ്യക്തമാക്കി.
Content Highlights: ICC Chairman Jay Shah Gets Outstanding Achievement Award