

ബെംഗളൂരു: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസ്. ഒക്ടോബര്‍ 20-ന് ഉപ്പെളിഗയില്‍ നടന്ന ദീപോത്സവ പരിപാടിയില്‍ മതവിദ്വേഷം വളര്‍ത്തുന്നതും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതും പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കല്ലഡ്ക പ്രഭാകറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പുത്തൂര്‍ താലൂക്ക് നിവാസിയായ ഈശ്വരി പത്മുഞ്ച നല്‍കിയ പരാതിയില്‍, പ്രഭാകര്‍ ഹിന്ദു- മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനായി, അവരുടെ ജനസംഖ്യാകണക്കുകള്‍ പരാമര്‍ശിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയെന്നാണ് ആരോപിക്കുന്നത്. കഹാലെ ന്യൂസ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രസംഗം സംപ്രേഷണം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
ഈശ്വരി പത്മുഞ്ചയുടെ പരാതിയില്‍ പുത്തൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 79, 196, 299, 302 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ മുപ്പതിന് അന്വേഷണ
സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ പ്രഭാകറിന് നോട്ടീസും അയച്ചിട്ടുണ്ട്.
Content Highlights: Case filed against RSS leader Kalladka Prabhakar Bhat for hate speech