ബിഹാറില്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ വഖഫ് നിയമം ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്

മുസ്‌ലീം ഭൂരിപക്ഷ ജില്ലകളായ കിഷന്‍ഗഞ്ചിലും കതിഹാറിലും നടന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം

ബിഹാറില്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ വഖഫ് നിയമം ചവറ്റുകുട്ടയിലെറിയും: തേജസ്വി യാദവ്
dot image

പട്‌ന: ബിഹാറില്‍ ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാര്‍ എല്ലായ്‌പ്പോഴും ആര്‍എസ്എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും തന്റെ പിതാവ് ഒരിക്കലും വര്‍ഗീയ ശക്തികളോട് സന്ധി ചെയ്തിട്ടില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. മുസ്‌ലീം ഭൂരിപക്ഷ ജില്ലകളായ കിഷന്‍ഗഞ്ചിലും കതിഹാറിലും നടന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം.

'ലാലു- റാബ്രി സര്‍ക്കാരുകള്‍ ആര്‍എസ്എസിനും വര്‍ഗീയ ശക്തികള്‍ക്കുമെതിരെ ഉറച്ചുനിന്നവരാണ്. എന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആ ശക്തികളെ പിന്തുണയ്ക്കുന്നയാളാണ്. ബിജെപി സംസ്ഥാനത്തും രാജ്യത്തും വിദ്വേഷം പടര്‍ത്തുന്ന പാര്‍ട്ടിയാണ്. ബിഹാറില്‍ നിതീഷ് കുമാര്‍ 20 വര്‍ഷമായി മുഖ്യമന്ത്രിയാണ്. 11 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയാണ്. എന്നിട്ടും ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. സീമാഞ്ചല്‍ മേഖലയെ അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്‍ഡ്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സീമാഞ്ചല്‍ മേഖലയുടെ വികസനത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. ': തേജസ്വി യാദവ് പറഞ്ഞു.

ചില പാര്‍ട്ടികള്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും ജനങ്ങള്‍ അവര്‍ക്ക് ശ്രദ്ധ കൊടുക്കരുതെന്നും ജന്‍സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിലെ ലക്ഷ്യമിട്ട് തേജസ്വി യാദവ് പറഞ്ഞു. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നവംബര്‍ ആറ്, 11 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 14-നാണ് വോട്ടെണ്ണല്‍.

Content Highlights: Waqf bill will be thrown to dustbin if india alliance comes into power in bihar: tejashwi yadav

dot image
To advertise here,contact us
dot image