അഞ്ച് വർഷത്തെ ഇടവേളയ്ക്ക് വിരാമം; ഇന്ത്യ – ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു

കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷോവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് വിരാമം; ഇന്ത്യ – ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു
dot image

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി നിലച്ചിരുന്ന ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ഇക്കാര്യം വ്യക്തമാക്കി. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നുവെന്ന് അവർ എക്‌സിൽ കുറിച്ചു.

കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷോവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നവംബർ ഒമ്പതിന് പ്രവർത്തനമാരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാവും ഉണ്ടാവുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമീപ വർഷങ്ങളിൽ തടസപ്പെട്ടിരുന്ന വ്യാപാരം, ടൂറിസം, ബിസിനസ് ബന്ധങ്ങൾ പുനർനിർമ്മിക്കാൻ ഇതിലൂടെ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

കൊവിഡ് പകർച്ചവ്യാധിയും 2020 ജൂണിലെ ഗാൽവാൻ വാലി ഏറ്റുമുട്ടലും മൂലം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. 2024 ഒക്ടോബർ വരെ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ പിരിമുറുക്കത്തിലായിരുന്നു.

കഴിഞ്ഞ മാസം ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വിമാന സർ‌വീസുമായി ബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു. ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു.

Content Highlights: India China direct flights resume after 5-year freeze amid thaw in ties

dot image
To advertise here,contact us
dot image