

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഡീയസ് ഈറേ' വളരെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. പ്രേക്ഷകരെ ഭീതിയിലാക്കാൻ കഴിവുള്ള ഒരു സിനിമ തന്നെയായിരിക്കും 'ഡീയസ് ഈറേ' എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഈ ചിത്രം മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും കമന്റുകൾ വരുന്നുണ്ട്. ഒക്ടോബർ 31ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ ഷോകളുടെ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 30 മുതലാണ് സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കുന്നത്. രാത്രി 9 മണിക്കും, 11.30 നും ആണ് ഷോകൾ ചാർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ഷോകൾക്ക് ലഭിക്കുന്നത്. പലയിടത്തും ഇപ്പോൾ തന്നെ ഷോ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണുണ്ടാകുന്നത്. പ്രീമിയർ ഷോയും ആദ്യ ദിവസത്തെ കളക്ഷനും കൂടി കൂട്ടുമ്പോൾ ചിത്രം വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
#Diesirae trending in bms even before opening full fledged shows....#PranavMohanlal #Nightshiftstudios #RahulSadasivan pic.twitter.com/po3KWD3MTO
— Dileep Mohanan (@dileep_moh58440) October 26, 2025

'ഡീയസ് ഈറേ'യുടെ ഏറ്റവും പുതിയ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതുവരെ കാണാത്ത പുതിയ പല സീനുകളും ഉൾപ്പെടുത്തി ഇറങ്ങിയ ട്രെയിലറിൽ ഭീതിപ്പെടുത്തുന്ന രംഗങ്ങൾ കാണാം. ഒരു ഗംഭീര ഹൊറർ ചിത്രം തന്നെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന് സംശയമില്ലാതെ തന്നെ പറയാം. പ്രണവിന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ പ്രണവ് നായകനായും വില്ലനായും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അഭിനയത്തിൽ പ്രണവ് ഞെട്ടിക്കുമെന്നും ഇതുവരെ കാണാത്ത നടന്റെ വേഷപ്പകർച്ചകൾ ഈ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. പ്രണവിന്റെ ഡയലോഗ് ഡെലിവറിക്കും കയ്യടി ലഭിക്കുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.
Content Highlights: Pranav mohanlal film dies irae premiere show bookings opened