

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. സംസ്ഥാന എക്‌സിക്യൂട്ടീവാണ് ആവശ്യം ഉന്നയിച്ചത്. 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന പരാതി അത്യന്തം ഗൗരവമേറിയതാണെന്നും ഭൂമി കുംഭകോണത്തെ സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. കര്‍ഷകരില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മൂന്നുവര്‍ഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കില്‍ പ്രസ്തുത ഭൂമി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഭൂമി മറിച്ചുവിറ്റതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് ഭൂമി കുംഭകോണം നടത്തിയ രാജീവിന്റെ ഇടപാടുകള്‍ പരിശോധിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
'വ്യാവസായിക ആവശ്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച ഭൂമി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 500 കോടിക്ക് മറിച്ചുവിറ്റ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണം. ബാംഗ്ലൂരിലെ നെലമംഗലയിലെ ദൊബ്ബാസ്‌പേട്ടില്‍ ബിപിഎള്‍ ഇന്ത്യ ലിമിറ്റഡിന് കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മാണ യൂണിറ്റിനായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് അനുവദിച്ച 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റെന്ന പരാതി അത്യന്തം ഗൗരവമേറിയതാണ്. 1991 ല്‍ ഏക്കറിന് 1.1 ലക്ഷത്തിനാണ് കര്‍ഷകരില്‍ നിന്ന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തത്. 1995-ല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭൂമി 1996-ല്‍ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സ്ഥലത്ത് വ്യാവസായികമായി ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല എന്നാണ് വസ്തുത': എഐവൈഎഫ് ആരോപിച്ചു.
ഡല്‍ഹി ഹൈക്കോടതി അഭിഭാഷകനായ കെ എന്‍ ജഗദേഷ് കുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി ചന്ദ്രശേഖറിനും ഭാര്യാ പിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെയാണ് പരാതി. ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ല്‍ രാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയതെന്ന് പരാതിക്കാരനായ ജഗദേഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഭാര്യയും ഭാര്യാപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെഐഎഡിബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവര്‍ വെച്ചിട്ടില്ല. പദ്ധതി പ്രകാരം അവര്‍ ആറ് കോടി നിക്ഷേപം നടത്തി. 2009ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റുവെന്നും ജഗദേഷ് കുമാര്‍ ആരോപിച്ചു.
Content Highlights: AIYF demands thorough investigation In Rajeev Chandrasekhar Land Scam