ഡൽഹി പുകയുമ്പോൾ ഈ വീട്ടിൽ മാത്രം ശുദ്ധവായു ലഭിക്കും; പച്ചപ്പും ഹരിതാഭയുമാണ് ഇവിടുത്തെ മെയിൻ !

ഡൽഹിയിലെ സൈനിക് ഫാർമിലുള്ള പീറ്റർ സത്വന്ത് സിംഗിന്റെയും ഭാര്യ നീനോ കൗറിന്റെയും വീട്ടിലെത്തിയാൽ വേറെ ഒരു ലോകത്തിലെത്തിയത് പോലെയാണ് അനുഭവപ്പെടുക

ഡൽഹി പുകയുമ്പോൾ ഈ വീട്ടിൽ മാത്രം ശുദ്ധവായു ലഭിക്കും; പച്ചപ്പും ഹരിതാഭയുമാണ് ഇവിടുത്തെ മെയിൻ !
dot image

രാജ്യതലസ്ഥാനമായ ഡൽഹിയിൽ എല്ലാ വർഷവും വായുമലിനീകരണം പതിവാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ അവ രൂക്ഷമാകുകയും വായു ഗുണനിലവാര സൂചിക അതീവ ഗുരുതരം എന്ന നിലയിൽ എത്തുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലും അതെ, വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ് എത്തിയത്. ഡൽഹി നിവാസികൾ ഇത്തരത്തിൽ വിഷപ്പുക ശ്വസിക്കുമ്പോൾ ഒരിടത്ത് മാത്രം വായുഗുണനിലവാരം 15നും താഴെയാകും. നുണയല്ല, ആ കഥയാണ് ഇനി.

ഡൽഹിയിലെ സൈനിക് ഫാർമിലുള്ള പീറ്റർ സത്വന്ത് സിംഗിന്റെയും ഭാര്യ നീനോ കൗറിന്റെയും വീട്ടിലെത്തിയാൽ വേറെ ഒരു ലോകത്തിലെത്തിയത് പോലെയാണ് അനുഭവപ്പെടുക. കോൺക്രീറ്റ് കെട്ടിടങ്ങളുടെ അതിപ്രസരങ്ങളിൽ നിന്ന്, ശരീരം പൊള്ളുന്ന ചൂടിൽ നിന്ന്, ചുമച്ചുമരിച്ചേക്കാവുന്ന വായുമലിനീകരണത്തിൽ നിന്ന് ഈ വീട്ടിലെത്തിയാൽ നമുക്ക് ജീവൻ തിരിച്ചുകിട്ടിയ പോലത്തെ അനുഭവമായിരിക്കും ലഭിക്കുക. ഒരു വീടാകെ ഒരു ചെറിയ വനമാക്കിയിരിക്കുകയാണ് ഇരുവരും. പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ തുടങ്ങി ഇവിടെ ഇല്ലാത്ത ഒന്നുമില്ല എന്നതാണ് സത്യം.

1989ലാണ് ഇരുവരും സൈനിക ഫാംസിലേക്ക് മാറിയത്. നീനോ കൗറിന് ക്രോണിക് ല്യൂകീമിയ ബാധിച്ചിരുന്നതിനാൽ ഡൽഹി എയിംസിൽ ട്രീറ്റ്‌മെന്റ് ആവശ്യമായിരുന്നു. ട്രീറ്റ്മെന്റിന്റെ ഭാഗമായി ഡെറാഡൂണിലെ ഒരു ആയുർവേദ ഡോക്ടറാണ് ശുദ്ധമായ ഭക്ഷണത്തിന്റെ ആവശ്യം ഇവരോട് പറഞ്ഞത്. വർഷങ്ങളായുള്ള ചികിത്സ നീനുവിന്റെ ശ്വാസകോശത്തെ ബാധിച്ചിരുന്നു. തുടർന്നാണ് ഇരുവരും ഇന്ന് കാണുന്ന നിലയിൽ അവരുടെ വീട് മാറ്റിയെടുത്തത്.

ഏകദേശം 15000 ചെടികളാണ് ഇരുവരും ചേർന്ന് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഈ ചെടികളെല്ലാം വായുവിനെ ശുദ്ധീകരിക്കുകയും വീടിനകത്തെ അന്തരീക്ഷം മികച്ചതാക്കുകയും ചെയ്യും. മാത്രമല്ല, നല്ല തണൽ, സമാധാനപരമായ അന്തരീക്ഷം എന്നിവയും ഇവ ഉറപ്പാക്കുന്നുണ്ട്. ഡൽഹിയിലെ മറ്റിടങ്ങളിൽ നിന്ന് ഈ വീട് ഇപ്പോഴും വ്യത്യസ്തമാണ്. മറ്റെവിടെയും ഇല്ലാത്ത പച്ചപ്പും സമാധാനവുമാണ് ഈ വീട്ടിൽ എപ്പോഴും ഉള്ളത്.

വീട്ടിലെ വൈദ്യുതിക്കായി പൂർണമായും സോളാറിനെയാണ് ഇരുവരും ആശ്രയിക്കുന്നത്. കൂടാതെ 15000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന മഴവെള്ള സംഭരണിയുമുണ്ട്. വെള്ളം പാഴാകാതെയിരിക്കാൻ അവയെ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനവുമുണ്ട്.

വീടിന്റെ നിർമാണത്തിനും ഉണ്ട് പ്രത്യേകത. സിമന്റ്, പെയിന്റ് പോലുള്ളവ ഒഴിവാക്കിയാണ് നിർമാണം. ഇഷ്ടികകൾ കൊണ്ട് നിർമിച്ച വീടിനെ സുർക്കി മിശ്രിതം കൊണ്ടാണ് തേച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നല്ല തണുപ്പുമുണ്ട്. സ്റ്റോൺ ടൈലുകൾ കൊണ്ടാണ് മേൽക്കൂര നിർമിച്ചിരിക്കുന്നത്. ഡൽഹിയിലെ കൊടുംചൂടിൽ ഈ വീടിന് അതിനാൽ എപ്പോഴും തണുപ്പാണ്. മാത്രമല്ല, ചെടികളും തണലും ഉള്ളത് കാരണം നല്ല ശുദ്ധവായുവും ലഭിക്കും.

Content Highlights: AQI in this home is far below delhis condition, know why

dot image
To advertise here,contact us
dot image