ലോകം കണ്ട എക്കാലത്തെയും വലിയ ഡ്രഗ് ഡീലർ ഒരു രാജ്ഞി! ലഹരി ആസ്വദിച്ചിരുന്ന, അതിനായി യുദ്ധം നടത്തിയ ഭരണാധികാരി

മയക്കുമരുന്നിന്റെ ലഹരി ഇത്രയേറെ ആസ്വദിച്ചിരുന്ന ഒരു ഭരണാധികാരിയെ ലോകം കണ്ടിട്ടുണ്ടോ എന്നും സംശയമാണ്.

ലോകം കണ്ട എക്കാലത്തെയും വലിയ ഡ്രഗ് ഡീലർ ഒരു രാജ്ഞി! ലഹരി ആസ്വദിച്ചിരുന്ന, അതിനായി യുദ്ധം നടത്തിയ ഭരണാധികാരി
dot image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധനായ 'ഡ്രഗ് കിങ്പിന്‍' ക്വീന്‍ വിക്ടോറിയയെ ഒരിക്കല്‍ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഇന്ന് ലോകം കണ്ട വലിയ ലഹരിക്കച്ചവട രാജാക്കന്മാര്‍ ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ലഹരിയുടെ സാമ്രാജ്യം ഭരിച്ചിരുന്നത് ക്വീന്‍ വിക്ടോറിയയായിരുന്നു. മയക്കുമരുന്നിന്റെ ലഹരി ഇത്രയേറെ ആസ്വദിച്ചിരുന്ന ഒരു ഭരണാധികാരിയെ ലോകം കണ്ടിട്ടുണ്ടോ എന്നും സംശയമാണ്.

കറുപ്പ് ആയിരുന്നു രാജ്ഞിയുടെ പ്രിയപ്പെട്ട ലഹരിയിലൊന്ന്. പൈപ്പില്‍ വലിക്കുന്നതിന് പകരം ലോഡനം എന്നറിയപ്പെടുന്ന ദ്രാവകരൂപത്തിലാണ് ക്വീന്‍ അത് സേവിച്ചിരുന്നത്. കറുപ്പിന്റെ സത്ത് മദ്യത്തില്‍ കലര്‍ത്തിയാണ് ലോഡനം തയ്യാറാക്കുന്നത്. രാജ്ഞി തന്റെ ദിവസം ആരംഭിച്ചിരുന്നത് ഈ ദ്രാവകം സേവിച്ചുകൊണ്ടാണത്രേ. അക്കാലത്ത് നിയമവിധേയമായിരുന്നു കൊക്കെയ്‌നും രാജ്ഞിയുടെ പ്രിയപ്പെട്ട ലഹരികളിലൊന്നായിരുന്നു. ച്യൂയിങ് ഗം, വൈന്‍ രൂപത്തിലായിരുന്നു രാജ്ഞി ഇവ ഉപയോഗിച്ചിരുന്നത്. പലപ്പോഴും വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കുമുള്ള ഒറ്റമൂലിയായിരുന്നു രാജ്ഞിക്ക് ഈ മയക്കുമരുന്നുകള്‍. ആര്‍ത്തവ വേദന, പല്ലുവേദന, പ്രസവവേദന എന്നിവയ്‌ക്കെല്ലാം പരിഹാരമായിരുന്നു അക്കാലത്ത് ഈ ലഹരികള്‍. അകത്തുചെന്നാല്‍ ലഭിക്കുന്ന ആത്മവിശ്വാസവും വലുതായിരുന്നു.

പക്ഷെ രാജ്ഞിയെ ലോകത്തെ വലിയ ഡ്രഗ് റാക്കറ്റിന്റെ നേതാവാക്കുന്നത് ലഹരിയോടുള്ള താല്പര്യമായിരുന്നില്ല. അതിന് പിന്നില്‍ ചൈനയെ ഒതുക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. 1837-ലാണ് ക്വീന്‍ വിക്ടോറിയയുടെ കിരീടധാരണം. അന്ന് വെറും പതിനെട്ട് വയസ്സാണ് രാജ്ഞിയുടെ പ്രായം. ബ്രിട്ടന്‍ വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബ്രിട്ടീഷുകാരുടെ അമിതമായ ചായകുടിയായിരുന്നു ആ പ്രതിസന്ധിയുടെ മൂലകാരണം. ചായ അമിതമായി കുടിക്കുന്നത് ഒരു രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത് എങ്ങനെയാണെന്നായിരിക്കുമല്ലേ നിങ്ങളിപ്പോള്‍ ചിന്തിച്ചത്.

വരുമാനത്തിന്റെ അഞ്ചുശതമാനമാണ് ബ്രിട്ടീഷുകാര്‍ തേയില വാങ്ങുന്നതിനായി മാറ്റിവച്ചിരുന്നത്. ആ തേയിലയാകട്ടെ ഇറക്കുമതി ചെയ്തിരുന്നത് ചൈനയില്‍ നിന്നും. സ്വാഭാവികമായും ചൈന തേയില വിറ്റ് ധനികരാജ്യമായി മാറിക്കൊണ്ടിരുന്നു. ബ്രിട്ടണാകട്ടെ തിരിച്ചു കയറ്റുമതി ചെയ്യുന്നതിനായി പ്രത്യേകിച്ച് അസംസ്‌കൃത വസ്തുക്കള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നുമില്ല. വിപണിയില്‍ ചൈന പ്രബലരും ബ്രിട്ടണ്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നതും തടയാന്‍ എന്താണ് വഴിയെന്ന് അധികാരത്തിലേറിയ വിക്ടോറിയ രാജ്ഞി ആലോചിച്ചു. അതിനുള്ള ഉത്തരമായിരുന്നു കറുപ്പ്!

അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യ കറുപ്പിന്റെ വിളനിലമായിരുന്നു. വേദനസംഹാരി എന്ന നിലയില്‍ ചൈനയിലേക്ക് ബ്രിട്ടണ്‍ കറുപ്പ് കയറ്റുമതി ആരംഭിച്ചു. പതിയെ ഈ വേദനസംഹാരി ചൈനക്കാര്‍ ഉപയോഗിച്ചുതുടങ്ങി. വേദനമാറുന്നതിനൊപ്പം ലഭിക്കുന്ന ലഹരിക്ക് അവര്‍ അടിമയായി. കറുപ്പില്ലാതെ വയ്യെന്നായി. പതിയെ രാജ്ഞി കറുപ്പിന്റെ മൂല്യമങ്ങുയര്‍ത്തി. ലഹരിക്ക് അടിമയായ ചൈനക്കാര്‍ എന്തുവിലകൊടുത്തും കറുപ്പ് വാങ്ങാന്‍ തയ്യാറായി. വൈകാതെ കയറ്റുമതി വന്‍തോതില്‍ ഉയര്‍ന്നു. തേയില വിറ്റ് നേടിയതെല്ലാം ചൈനയ്ക്ക് കറുപ്പിന് മുന്നില്‍ അടിയറ വയ്‌ക്കേണ്ടി വന്നു.

കറുപ്പ് വ്യാപാരം തടയാന്‍ ചൈന കിണഞ്ഞുപരിശ്രമിച്ചു. കറുപ്പ് നേരത്തേ തന്നെ ചൈനയില്‍ നിയമവിരുദ്ധമായിരുന്നു. പക്ഷെ വളരെ അപൂര്‍വമായി മാത്രമേ നിയമം നടപ്പാക്കിയിരുന്നുള്ളൂ. എന്തുവിലകൊടുത്തും കറുപ്പ് വ്യാപാരം തടയുന്നതിനായി ചൈന പണ്ഡിതനും ഫിലോസഫറും വൈസ്രോയിയുമെല്ലാമായ ലിന്‍ സെഷു എന്നയാളെ നിയമിച്ചു. നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരത്തിന് അദ്ദേഹം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ബ്രിട്ടണ്‍ നടത്തുന്ന അധാര്‍മികത ചൂണ്ടിക്കാട്ടി ക്വീന്‍ വിക്ടോറിയയ്ക്ക് അയാള്‍ കത്തയയ്ച്ചു.

ആളുകള്‍ക്ക് ഉപയോഗപ്രദമാകുന്ന സില്‍ക്ക്, തേയില, പാത്രങ്ങള്‍ എന്നിവയെല്ലാമാണ് ചൈന ബ്രിട്ടണിലേക്ക് കയറ്റി അയയ്ക്കുന്നത്, എന്നാല്‍ ബ്രിട്ടണാകട്ടെ, കറുപ്പ് പോലുള്ള ലഹരിയാണ് കയറ്റി അയയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആ കത്ത്. എന്തിനാണ് നിഷ്‌കളങ്കരായ ചൈനക്കാരെ ലഹരിക്ക് അടിമയാക്കുന്നതെന്നും ലിന്‍ കത്തില്‍ ചോദിക്കുന്നുണ്ട്. പക്ഷെ വ്യാപാരം അവസാനിപ്പിക്കാന്‍ ബ്രിട്ടണ്‍ തയ്യാറായിരുന്നില്ല. കാരണം ബ്രിട്ടന്റെ വരുമാനത്തിന്റെ 15-20 ശതമാനവും കറുപ്പ് വ്യാപാരത്തില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ കത്ത് വായിക്കാന്‍ പോലും രാജ്ഞി കൂട്ടാക്കിയില്ല.

ഒടുവില്‍ കറുപ്പും കയറ്റിയെത്തിയ ബ്രിട്ടീഷ് കപ്പല്‍ 1839ല്‍ ലിന്‍ തടഞ്ഞു. വലിയ അളവില്‍ കറുപ്പ് പിടിച്ചെടുത്തു. അത് മുഴുവന്‍ ചൈന കടലില്‍ തള്ളാനായിരുന്നു സൈനികര്‍ക്ക് ലിന്‍ നല്‍കിയ നിര്‍ദേശം. ഇത്തവണ രാജ്ഞി ഇക്കാര്യം ശ്രദ്ധിച്ചു. രാജ്ഞിക്ക് വെറും 20 വയസ്സാണ് അന്ന് പ്രായം. കടലില്‍ ലിന്‍ തള്ളിയത് 2.5 മില്യണ്‍ പൗണ്ട് കറുപ്പാണ്. മറ്റേതൊരു സ്വേച്ഛാധിപതിയെയും പോലെ വിക്ടോറിയയും കോപാകുലയായി, യുദ്ധ കാഹളമുയര്‍ത്തി. ചൈനയ്‌ക്കെതിരായ കറുപ്പ് യുദ്ധം. ചൈനീസ് സൈന്യത്തെ ബ്രിട്ടീഷ് പട്ടാളം തകര്‍ത്തുതരിപ്പണമാക്കി. ആയിരക്കണക്കിന് ചൈനീസ് പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

കീഴടങ്ങുകയല്ലാതെ ചൈനയ്ക്ക് മുന്നില്‍ മറ്റുവഴിയുണ്ടായിരുന്നില്ല. ഏകപക്ഷീയമായ സമാധാന ഉടമ്പടിയില്‍ ചൈന ഒപ്പുവച്ചു. കറുപ്പ് ഇറക്കുമതിക്കായി കൂടുതല്‍ തുറമുഖങ്ങള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു ആ സമാധാന ഉടമ്പടിയില്‍ ഉണ്ടായിരുന്നത്. വളരെ പ്രായംകുറഞ്ഞ ഒരു ഭരണാധികാരി ചൈനയെ മുട്ടുകുത്തിച്ചതിന് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചു.

അളവില്ലാതെ കറുപ്പ് ചൈനയിലേക്ക് കയറ്റുമതി ചെയ്‌തെങ്കിലും കൊക്കെയ്ന്‍ ഒരിക്കലും രാജ്ഞി ചൈനയിലേക്ക് അയച്ചില്ലെന്നുള്ളതും ശ്രദ്ധേയമാണ്. കൊക്കെയ്ന്‍ വളരെ സുരക്ഷിതമായ, പാര്‍ശ്വഫലങ്ങളിലാത്ത ആരോഗ്യപ്രദമായ എനര്‍ജി ബൂസ്റ്ററായിട്ടാണ് രാജ്ഞി കണക്കാക്കിയിരുന്നതത്രേ. അതുകൊണ്ടുതന്നെ അത് ചൈനയ്ക്ക് വില്‍ക്കാന്‍ രാജ്ഞി തയ്യാറായിരുന്നില്ല.

Reference - Time Magazine

Content Highlights: Queen Victoria, the Biggest Drug Dealer of All Time

dot image
To advertise here,contact us
dot image