

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പാകിസ്താന്‍ ഭീകരവാദിയായി പ്രഖ്യാപിച്ചുവെന്നും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നുമുളള റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം ? ഈ റിപ്പോര്‍ട്ടുകളില്‍ എത്രത്തോളം സത്യമുണ്ട്?
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിരവധി പോസ്റ്റുകളില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പാകിസ്താന്റെ തീവ്രവാദ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ സല്‍മാന്‍ ഖാന്റെ പേര് ഉള്‍പ്പെടുത്തിയതായാണ് പറയുന്നത്. റിയാദില്‍ നടന്ന ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ ബലൂചിസ്താനെയും പാകിസ്താനെയും രണ്ടായി സല്‍മാന്‍ ഖാന്‍ പറഞ്ഞതാണ് വിവാദമായത്.2025 ഒക്ടോബര്‍ 16-നാണ് സമൂഹമാധ്യമങ്ങളില്‍ പാകിസ്താന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം എന്ന പേരില്‍ ഇത്തരമൊരുപട്ടിക പ്രത്യക്ഷപ്പെട്ടത്.
ഈ വിജ്ഞാപനത്തില്‍ സല്‍മാന്‍ ഖാനെ ആസാദ് ബലൂചിസ്താന്‍ ഫെസിലിറ്റേറ്റര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ സല്‍മാന്‍ ഖാന്‍ കര്‍ശന നിരീക്ഷണം, യാത്രാ നിയന്ത്രണം, നിയമനടപടികള്‍ എന്നിവ നേരിടേണ്ടിവരും. എന്നാല്‍ ഇതിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിശ്വസനീയമായ ഒരു പാകിസ്താന്‍ മാധ്യമമോ സര്‍ക്കാര്‍ സ്രോതസോ അത്തരമൊരു നീക്കം റിപ്പോര്‍ട്ട് ചെയ്യുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ സല്‍മാന്‍ ഖാനെ പാകിസ്താന്‍ ഭീകര നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും വ്യാജ രേഖകളാണ് പ്രചരിക്കുന്നതെന്നുമാണ് വിലയിരുത്തല്‍.
സല്‍മാന്‍ ഖാന്‍ റിയാദില്‍ നടന്ന ജോയ് ഫോറം 2025-ല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനുമൊപ്പം മധ്യപൂര്‍വേഷ്യയിലെ ഇന്ത്യന്‍ സിനിമയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു സല്‍മാന്റെ പരാമര്‍ശം. 'ഇപ്പോള്‍ നിങ്ങളൊരു ഹിന്ദി സിനിമ നിര്‍മിച്ച് അത് സൗദി അറേബ്യയില്‍ റിലീസ് ചെയ്താല്‍ അതൊരു സൂപ്പര്‍ഹിറ്റായിരിക്കും. നിങ്ങള്‍ ഒരു തമിഴ്, തെലുങ്ക്, മലയാളം സിനിമയെടുത്താലും അതും കോടികളുടെ നേട്ടമുണ്ടാക്കും. കാരണം മറ്റ് രാജ്യങ്ങളില്‍ നിന്നുളള നിരവധിപേര്‍ ഇവിടെയുണ്ട്. ബലൂചിസ്താനില്‍ നിന്നുളളവരുണ്ട്, അഫ്ഗാനിസ്ഥാനില്‍ നിന്നുളളവരുണ്ട്, പാകിസ്താനില്‍ നിന്നുളളവരുണ്ട്. എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
ബലൂചിസ്താനെയും പാകിസ്താനെയും വേറെ വേറെ പരാമര്‍ശിച്ചത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയായാണ് പാകിസ്താന്‍ കരുതുന്നത്. അതേസമയം, ബലൂചിസ്താന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സംഘടനകള്‍ സല്‍മാന്റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. സല്‍മാന്റെ പരാമര്‍ശം ആറുകോടി ബലൂചികളെ സന്തോഷിപ്പിച്ചെന്നും പല രാജ്യങ്ങളും പറയാന്‍ മടിക്കുന്ന കാര്യമാണ് സല്‍മാന്‍ പറഞ്ഞെന്നുമാണ് ബലൂച് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മിര്‍ യാര്‍ ബലൂച് പറഞ്ഞത്.
Content Highlights: Has Pakistan put actor salman khan in terror watch list?: here is the fact